അബുദാബി: കാലാവസ്ഥ നിരീക്ഷിക്കുന്നതിനും രാജ്യത്തിനകത്തും പുറത്തുമുള്ള പൊതു സുരക്ഷ വർദ്ധിപ്പിക്കുന്നതിന് സമയബന്ധിതമായ മുന്നറിയിപ്പുകൾ നൽകുന്നതിനുമായി ‘ഏർലി വാണിങ് സിസ്റ്റം ഫോർ ഓൾ’ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു. യുഎഇ വിദേശകാര്യ മന്ത്രാലയവും ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും സംയുക്തമായാണ് പുതിയ സംവിധാനം ആരംഭിച്ചത്.
വിദേശകാര്യമന്ത്രാലയത്തിലെ കോൺസുലാർ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഫൈസൽ ഈസ്സ ലൂത്തഫി, ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ ജനറലും വേൾഡ് മിറ്റിയറോളജിക്കൽ ഓർഗനൈസേഷൻ പ്രസിഡന്റുമായ ഡോ. അബ്ദുല്ല അഹമ്മദ് അൽ മൻദൗസ് എന്നിവർചേർന്ന് ഡിജിറ്റൽ പ്ലാറ്റ്ഫോമിനായുള്ള കരാർ ഒപ്പിട്ടു. വെള്ളിയാഴ്ചയാണ് കരാറിൽ ഒപ്പിട്ടത്.
നൂതന സാങ്കേതികവിദ്യയും കൃത്യമായ ഡാറ്റ വിശകലനവും ഉപയോഗിച്ച് പ്രതിസന്ധി മാനേജ്മെൻ്റും ദുരന്ത പ്രതികരണവും മെച്ചപ്പെടുത്താനുള്ള യുഎഇയുടെ പ്രതിബദ്ധതയെ ഈ നീക്കം അടിവരയിടുന്നു.
75 വർഷത്തിനിടെയുണ്ടായ ഏപ്രിലിൽ ഉണ്ടായ കനത്ത മഴയിൽ യുഎഇയിൽ മൂന്നു പേർ മരിച്ചിരുന്നു, പലർക്കും വീടുകളും വ്യാപാര സ്ഥാപനങ്ങളും നഷ്ടമായി. രാജ്യത്തെ ഏറ്റവും മോശം കൊടുങ്കാറ്റുകളാൽ നാശം വിതച്ച എമിറാറ്റികളെ സഹായിക്കാൻ 2 ബില്യൺ ദിർഹം (540 മില്യൺ ഡോളർ) സഹായ പാക്കേജാണ് സർക്കാർ അനുവദിച്ചത്.