തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ റിപ്പോർട്ടിൽ അടിമുടി ദുരൂഹതയുള്ളതിനാൽ എഡിജിപി എം.ആർ. അജിത് കുമാർ നൽകിയ അന്വേഷണ റിപ്പോർട്ട് പൂർണമായി തള്ളി ആഭ്യന്തര സെക്രട്ടറി. കൂടാതെ ഏറെ വിവാദത്തിനു വഴിവച്ച തൃശൂർ പൂരം വിഷയത്തിൽ വീണ്ടും അന്വേഷണം നടത്താനും ആഭ്യന്തര സെക്രട്ടറി നിർദേശിച്ചു. റിപ്പോർട്ട് മുഖ്യമന്ത്രിക്കു സമർപ്പിച്ച വേളയിൽ ഡിജിപി ദർവേഷ് സാഹിബ് ഉന്നയിച്ച കാര്യങ്ങളിലാണ് അന്വേഷണ ശുപാർശ. റിപ്പോർട്ടിന്റെ കാര്യത്തിൽ എഡിജിപിക്കെതിരെയും ഡിജിപിതല അന്വേഷണം വേണമെന്നാണു ശുപാർശ. ഇതുകൂടാതെ പൂരം കലക്കലിൽമാത്രം മറ്റൊരു അന്വേഷണം കൂടി വേണമെന്നും ശുപാർശയുണ്ട്.
തൃശൂർ പൂരം വിഷയം ഏറെ വിവാദങ്ങൾക്കും രാഷ്ട്രീയ വാക് പോരുകൾക്കും വഴിമരുന്നിട്ടപ്പോഴും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് വന്നശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ കൈക്കൊണ്ടത്. എന്നാൽ ആഭ്യന്തര സെക്രട്ടറിതന്നെ എഡിജിപിയുടെ റിപ്പോർട്ട് തള്ളി തുടരന്വേഷണത്തിന് ശുപാർശ ചെയ്തതോടെ മുഖ്യമന്ത്രിയുടെ തീരുമാനം നിർണായകമാണ്.
പൂരം നടത്തിപ്പിൽ എഡിജിപി ഉൾപ്പെടുന്ന സേനയുടെ ഭാഗത്തുനിന്ന് കടുത്ത വീഴ്ചയുണ്ടായെന്ന് ഡിജിപി എസ്. ദർവേഷ് സാഹിബ് മുഖ്യമന്ത്രിക്കു നൽകിയ റിപ്പോർട്ടിൽ അറിയിച്ചിരുന്നു. ഇതു പരിഗണിച്ചാണ് എഡിജിപിക്കെതിരെയും അന്വേഷണത്തിനു ശുപാർശ ചെയ്തിരിക്കുന്നത്. എഡിജിപിയുടെ വീഴ്ചകൾ അക്കമിട്ടു നിരത്തിയ ഡിജിപി, പൂരം അലങ്കോലപ്പെട്ടതിലെ ഗൂഢാലോചന വിശദമായി അന്വേഷിക്കണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്.
പൂരം അലങ്കോലപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്വം തൃശൂർ പൊലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോകന്റെ മേലേക്കു പഴി ചാരുന്ന വിധമായിരുന്നു അജിത്കുമാറിന്റെ റിപ്പോർട്ട്. സാധാരണ കീഴുദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ട് അതേപടി ആഭ്യന്തര വകുപ്പിനു കൈമാറുകയാണ് ഡിജിപി ചെയ്തിരുന്നത്. എന്നാൽ, ഈ വിഷയത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആക്ഷേപമുള്ളതിനാൽ റിപ്പോർട്ട് ഡിജിപി വിശദമായി പരിശോധിക്കുകയായിരുന്നു. മാത്രമല്ല, പൂര സമയത്ത് തൃശൂരിൽ ഉണ്ടായിരുന്ന എഡിജിപി എം.ആർ. അജിത് കുമാർ പൂരം നല്ലരീതിയിൽ കൊണ്ടുപോകുന്നതിനാവശ്യമായ സത്വര നടപടികൾ സ്വീകരിക്കുന്നതിനു പകരം ഫോൺ ഓഫ് ചെയ്ത് മാറി നിൽകുകയായിരുന്നു ചെയ്തത്.
അതിനെല്ലാം പുറമേ പൂരം റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ സർക്കാർ നിർദ്ദേശമുണ്ടായിരുന്നിട്ടും വരുത്തിയ അഞ്ചുമാസത്തെ കാലവിളംബരവും
ഡിജിപി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പൂരം നടത്തിപ്പിന് എസ്പിയും പരിചയസമ്പന്നരായ കീഴുദ്യോഗസ്ഥരും ചേർന്നു തയാറാക്കിയ ക്രമീകരണങ്ങളിൽ അവസാനനിമിഷം മാറ്റം വരുത്തി. മാത്രമല്ല, അത്തരമൊരു സംഭവം നടത്തിട്ടും സംഭവസ്ഥലത്തേക്കു പോകുന്നതിനു പകരം അന്നേ ദിവസം പുലർച്ചെ മൂന്നരയോടെ അദ്ദേഹം തൃശൂരിൽനിന്നു മൂകാംബിക ക്ഷേത്രത്തിലേക്കു പോയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതെല്ലാം എഡിജിപിയുടെ പങ്കിലേക്കാണ് വിരൽ ചൂണ്ടുന്നത്.