ദുബായ്: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്ക് പറ്റിയ മലയാളി യുവാവിന് 11.5 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് യുഎഇ ഫെഡറല്‍ സുപ്രീംകോടതി. സ്വദേശി ഓടിച്ച കാറിടിച്ച് പരുക്കേറ്റ മലപ്പുറം കൂരാട് കുമ്മാളി വീട്ടില്‍ ഷിഫിനാണ് നഷ്ടപരിഹാരം നല്കാന് യുഎഇ കോടതി വിധിച്ചത്.
2022 മാര്‍ച്ച് 26-നാണ് കേസിനാസ്പദമായ സംഭവം. അല്‍ഐനില്‍ ഗ്രോസറി ജീവനക്കാരനായിരുന്നു ഷിഫിന്. 22-ാം വയസിലാണ് ഷിഫിന് യുഎഇയിലെത്തുന്നത്. അല്‍ഐനിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലായിരുന്നു ജോലി. ബഖാലയില്‍ നിന്നും മോട്ടോര്‍ സൈക്കിളില്‍ സാധനങ്ങളുമായി പോയ ഷിഫിനെ സ്വദേശി ഓടിച്ച കാര്‍ വന്ന് ഇടിക്കുകയായിരുന്നു. പിന്നീട് ഇടിച്ച വാഹനം നിർത്താതെ പോയെങ്കിലും സിസിടിവിയുടെ സഹായത്തോടെ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
അപകടത്തിൽ സാരമായി പരുക്കേറ്റ ഷിഫിനെ ഉടന്‍തന്നെ അല്‍ഐനിലെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും തലയ്ക്കു ഗുരുതരമായി പരുക്കേറ്റിരുന്നതിനെ തുടര്‍ന്ന് പത്തോളം അവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത നഷ്ടപ്പെട്ടു.
അല്‍ഐനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ടാഴ്ചയും തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയിലും ചികിത്സ നല്‍കിയെങ്കിലും ഒന്നര വര്‍ഷത്തോളം വെന്റിലേറ്ററിലായിരുന്നു. ചികിത്സക്കൊടുവില്‍ ഷിഫിന് തല ചലിപ്പിക്കാന്‍ തുടങ്ങിയതോടെ തുടര്‍ ചികിത്സക്ക് നാട്ടിലേക്ക് കൊണ്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു.
മകന്റെ അവസ്ഥ ചൂണ്ടിക്കാട്ടി മാതാപിതാക്കൾ നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് യുഎഇ ഫെഡറല്‍ സുപ്രീംകോടതി കേസ് പരിഗണിക്കുകയും നഷ്ടപരിഹാരം വിധിക്കുകയും ചെയ്തതെന്ന് പിതാവ് ഉമ്മര്‍ കുമ്മാളി, മാതാവ് ജമീല, ചീഫ് ലീഗല്‍ കണ്‍സള്‍ട്ടന്റ് ഈസ അനീസ്, അഡ്വ. ഫരീദ് അല്ഹസ്സന്, അഡ്വ. മുഹമ്മദ് ഫാസില്‍, അഡ്വ. അബ്ദുള്ള തുടങ്ങിയവര്‍ അറിയിച്ചു.