മലപ്പുറം: എഡിജിപി എം.ആർ. അജിത്കുമാറിനെതിരെ ഗുരുതര ആരോപണവുമായി പി.വി. അൻവർ എംഎൽഎ. എംആർ അജിത് കുമാർ കൊടും കുറ്റവാളിയാണെന്നും അയാൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നുമാണ് എംഎൽഎയുടെ വെളിപ്പെടുത്തൽ. സ്വർണ കടത്തുമായി ബന്ധപ്പെട്ട് അജിത് കുമാർ ഇടനിലക്കാരനായി നിന്ന് കൊലപാതകം ആസൂത്രണം ചെയ്യുന്നു. താഴെയുള്ള ഓഫിസർമാരെ തന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. എംആർ അജിത് കുമാർ, സുജിത് ദാസ്, കസ്റ്റംസ്, ഡാൻസാഫ് ഉദ്യോഗസ്ഥരെല്ലാം ഇതിനു പിന്നിലുണ്ടെന്നും എംഎൽഎ.
എടവണ്ണയിലെ റിഥാൻ കൊല ചെയ്യപ്പെട്ട സംഭവത്തിലും എംആർ അജിത് കുമാറിനും സുജിത് ദാസിനും പങ്കുണ്ടെന്ന് തനിക്ക് 95% ഉറപ്പുണ്ട്. ഈ സംഭവത്തെക്കുറിച്ച് അന്നേ കേഴ്ക്കുന്നുണ്ടായിരുന്നു. എന്നാൽ ഇതിന് വ്യക്തത വന്നത് താൻ ഇതിന് പിന്നാലെ പോകാൻ തുടങ്ങിയതിന് ശേഷമാണ്. തന്റെ വീടിനടുത്തുള്ള എടവണ്ണയിലെ എഎസ്ഐ ശ്രീകുമാർ ആത്മഹത്യ ചെയ്ത സംഭവത്തിലും ഇവർക്ക് പങ്കുണ്ട്. ആത്മഹത്യാ കുറിപ്പിൽ സുജിത് ദാസിന്റെ പീഡനം സഹിക്ക വയ്യാതെയാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന് എഴുതിയിട്ടുണ്ട്. എന്നാൽ മിനിറ്റുകൾക്കകം ഡാൻസാഫ് ഉദ്യോഗസ്ഥർ വന്ന് ഡയറി കസ്റ്റഡിയിലെടുത്ത് തിരിച്ചുകൊടുക്കുമ്പോൾ ആ പേജ് ഇല്ലായിരുന്നുവെന്നും അൻവർ പറഞ്ഞു.
എംആർ അജിത് കുമാർ ഒറ്റയ്ക്കല്ല ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നത്. അതിനായി പ്രവർത്തിക്കുന്ന ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. സുജിത് അവധിയിൽ പോയത് തെളിവുകൾ നശിപ്പിക്കാൻ. തനിക്ക് വേണ്ടത് ഇവർക്കു നേരെയുള്ള കേവലമൊരു അന്വേഷണമല്ല, മറിച്ച് ഈ കുറ്റവാളികൾ ജയിലിലേക്ക് പോവുകയാണ് വേണ്ടത്. അതിന് മുഖ്യമന്ത്രിയ്ക്ക് വിശ്വാസമുളള ഒരു ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണം.
ഇവർക്കെതിരെ വെളിപ്പെടുത്തലുകൾ നടത്തിയതിനാൽ താൻ കൊല്ലപ്പെട്ടേക്കാം.ക്രിമിനലിസത്തിന്റെ അങ്ങേയറ്റമാണ് എം.ആർ. അജിത്കുമാർ. അജിത് കുമാറിന്റെ റോൾമോഡൽ ദാവൂദ് ഇബ്രാഹിം ആണോയെന്നു സംശയിച്ചുപോകും. അദ്ദേഹം ചെയ്തുകൂട്ടിയ കാര്യങ്ങൾ ദാവൂദ് ഇബ്രാഹിമിനെ പോലുള്ളവരുടെ ജീവചരിത്രം പഠിച്ചവനെ സാധിക്കുകയുള്ളൂവെന്നും അൻവർ പറഞ്ഞു. അജിത്കുമാറിന്റെ ഭാര്യ മറ്റൊരാളുമായി സംസാരിക്കുന്ന ഫോൺ കോൾ താൻ ചോർത്തി. ഫോണിന്റെ ഒരറ്റത്ത് കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളവരാണ്. അവർ അവരുടെ സഹോദരനോടാണു സംസാരിക്കുന്നത്. പക്ഷേ, ഫോണിന്റെ അങ്ങേയറ്റത്ത് കള്ളക്കടത്തുകാരാണ്.
താനൂർ കസ്റ്റഡിക്കൊലപാതകവുമായി ബന്ധപ്പെട്ട് സുജിത് ദാസ് നടത്തിയ ഫോൺ സംഭാഷണവും അൻവർ പുറത്തുവിട്ടു. അതിൽ കൊല്ലാൻ ഉദ്ദേശിച്ചില്ലായിരുന്നുന്നെന്നും പ്രതി എംഡിഎംഎ വിഴുങ്ങിയിരുന്നുവെന്നും പറയുന്നു. സുജിത്ത് ദാസ് ഐപിഎസിൽ വരും മുൻപ് കസ്റ്റംസിൽ ആയിരുന്നു. കസ്റ്റംസിലെ ഉദ്യോഗസ്ഥരുമായി ബന്ധമുണ്ട്. ആ ബന്ധങ്ങളാണു കോഴിക്കോട് വിമാനത്താവളത്തിലെ സ്വർണക്കടത്ത് വഴിയിലൊക്കെ വച്ച് പിടിക്കാൻ കാരണം. കസ്റ്റംസ് ഉദ്യോഗസ്ഥർ സ്കാനിങ്ങിൽ സ്വർണം കാണുന്നുണ്ടെങ്കിലും അവനെ കടത്തിവിടും. പക്ഷേ, പുറത്തുനിൽക്കുന്ന പൊലീസുകാരെ വിവരം അറിയിക്കും. കസ്റ്റംസ് ഇവരെ പിടിച്ചാൽ സിസിടിവി ഉള്ളതിനാൽ ഒരു ബിസ്കറ്റ് പോലും മാറ്റാനാകില്ല. എന്നാൽ പുറത്ത് അങ്ങനെയല്ല. 25 ബിസ്ക്കറ്റുണ്ടെങ്കിൽ 10 ബിസ്കറ്റ് സംഘം എടുക്കും. ബാക്കി കസ്റ്റംസിന് കൊടുക്കും.
പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി അദ്ദേഹത്തിന്റെ ഉത്തരവാദിത്തം നിർവഹിച്ചിട്ടില്ല. മലപ്പുറത്തെ പല രാഷ്ട്രീയ വിഷയങ്ങളിലും ശശിയെ പോയി കണ്ട് കത്ത് കൊടുത്തിട്ടുണ്ട്. ഒന്നിനും പരിഹാരമായിട്ടില്ല. മുഖ്യമന്ത്രി പിതാവിന്റെ സ്ഥാനത്താണ്. അദ്ദേഹത്തിനു പാരവയ്ക്കാനാണ് ശ്രമം. മകൻ എന്ന നിലയിൽ അതിനെ തടുക്കാനാണു ശ്രമിക്കുന്നത്. പി. ശശിയെപ്പറ്റി പാർട്ടി ആലോചിക്കട്ടെ. സുജിത്ത് ദാസിന്റെ കോക്കസിന്റെ ഭാഗമാണോ ശശിയെന്നു പാർട്ടി അന്വേഷിക്കട്ടെ. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമാണ് പൊളിറ്റിക്കൽ സെക്രട്ടറി. പി. ശശിയുടെ അറിവോടെയാണോ അജിത്കുമാർ പ്രവർത്തിക്കുന്നതെന്നു തനിക്കറിയില്ല.ഈ ക്രമക്കേടുകളെല്ലാം പുറത്തുകൊണ്ടുവരണമെന്ന് വലിയൊരു വിഭാഗം ഉദ്യോഗസ്ഥർ ആഗ്രഹിക്കുന്നുണ്ട്. എല്ലാം കഴിഞ്ഞിട്ട് വിശദമായ കുറിപ്പ് മുഖ്യമന്ത്രിക്ക് സമർപ്പിക്കും.