ഊട്ടി: ഊട്ടി കാന്തലിൽ യുവതിയെ സയനൈഡ് നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ്, ഭർത്തൃമാതാവ്, ഭർത്താവിന്റെ സഹോദരൻ, ഇവരുടെ സുഹൃത്ത് എന്നിവർ എന്നിവർ ഉൾപെടെ നാലുപേർ അറസ്റ്റിൽ. ഊട്ടി കാന്തലിലാണ് സംഭവം. കാന്തലിലെ ഇമ്രാൻഖാന്റെ ഭാര്യ യാഷിക പാർവീനാണ് (22) കഴിഞ്ഞ ജൂൺ 24 ന് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യാഷികയുടെ ഭർത്താവ് ഇമ്രാൻ ഖാൻ, സഹോദരൻ മുക്താർ, മാതാവ് യാസ്മിൻ, കൂട്ടാളിയായ ഖാലിഫ് എന്നിവരാണ് അറസ്റ്റിലായത്.
യാഷിക വായിൽനിന്ന് നുരയും പതയും വന്ന നിലയിൽ വീട്ടിൽ വീണുകിടക്കുകയായിരുന്നുയെന്നാണ് ഇവർ പോലീസിന് കൊടുത്ത മൊഴി. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കു മരിച്ചുവെന്നും ഇവർ പറഞ്ഞു. എന്നാൽ യാഷികയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് യാഷികയുടെ ബന്ധുക്കൾ കേസ് കൊടുത്തിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ദുരൂഹത കണ്ടെത്തിയിരുന്നു.
പിന്നീട് പൂനൈയിൽ നടന്ന ശാസ്ത്രീയ പരിശോധനയിലാണ് മരണകാരണം സയനൈഡ് ഉള്ളിൽ ചെന്നതാണെന്ന് വ്യക്തമായത്. തുടർന്ന് യാഷികയുടെ ബന്ധുക്കൾ ഊട്ടി ജി വൺ പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയും മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഇമ്രാൻഖാനെയും യാസ്മിനെയും സ്റ്റേഷനിൽ കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
ഇമ്രാന്റെ സുഹൃത്ത് ഖാലിഫാണ് കൊലപാതകത്തിന് വേണ്ട സയനൈഡ് എത്തിച്ചുകൊടുത്തത്. വിവാഹം കഴിഞ്ഞ ശേഷം സ്ത്രീധനം ആവശ്യപ്പെട്ട് യാഷികയെ ഭർതൃവീട്ടുകാർ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. 2021-ലാണ് യാഷികയും ഇമ്രാൻഖാനും വിവാഹിതരായത്. ഇവർക്ക് രണ്ടുവയസുള്ള ആൺകുട്ടിയുമുണ്ട്.