റിയാദ്: റിയാദ് എയർപോർട്ടിൽ വിമാനത്തിലേക്കുള്ള വഴി കാണാതെ കുടുങ്ങി യുപി സ്വദേശി കഴിഞ്ഞത് ഒരാഴ്ച. ഹാഇലിൽ ആട്ടിടയനായി ജോലി ചെയ്തിരുന്ന യുപി മഹരാജ് ഗഞ്ച് സ്വദേശി സുരേഷ് പസ്വാൻ ആണ് വഴിയറിയാതെ വിഷമിച്ചത്. ഇദ്ദേഹത്തെ ആഗസ്റ്റ് 25നാണ് തൊഴിലുടമ റിയാദ് എയർപോർട്ടിൽ കൊണ്ടാക്കിയത്. അന്ന് രാത്രി 8.40ന് ഡൽഹിയിലേക്ക് പുറപ്പെടുന്ന നാസ് എയർലൈൻസ് വിമാനത്തിലായിരുന്നു പോകേണ്ടിയിരുന്നത്. ലഗേജ് ചെക്കിൻ, എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി മൂന്നാം നമ്പർ ടെർമിനലിൽ ഗേറ്റ് തുറക്കുന്നതും കാത്തിരുന്നുവെങ്കിലും അദ്ദേഹമിരുന്ന ഏരിയ മാറിപ്പോയി. ശരിയായ ഗേറ്റ് കണ്ടെത്താൻ കഴിഞ്ഞില്ല. അവസാന സമയം വരെ അനൗൺസ് ചെയ്തിട്ടും ആളെ കാണാത്തതിനാൽ വിമാനം പറന്നുയരുകയും ചെയ്തു.
സുരേഷിനെ സ്വീകരിക്കാൻ കുടുംബാംഗങ്ങൾ കൃത്യ സമയത്ത് ഡൽഹി എയർപോർട്ടിലെത്തിയിരുന്നു. വിമാനം വന്ന് സമയമേറെ കഴിഞ്ഞിട്ടും ആളെ കാണാതെ അധികൃതരോട് അന്വേഷിച്ചപ്പോഴാണ് ലഗേജ് മാത്രമേ വന്നിട്ടുള്ളൂ ആളെത്തിയിട്ടില്ലെന്ന് മനസിലായത്. തുടർന്ന് വീട്ടുകാർ ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെ ബന്ധുക്കൾ ആശങ്കയിലായി. ഇതിനിടെ റിയാദ് എയർപോർട്ടിലെ ഡ്യൂട്ടി മാനേജർ, മലയാളി സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാടിനെ വിളിച്ചുപറയുകയായിരുന്നു, ഇന്ത്യാക്കാരനായ ഒരാൾ കുറച്ചുദിവസമായി മൂന്നാം നമ്പർ ടെർമിനലിലുണ്ടെന്ന്. ശിഹാബ് ഉടൻ ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ സെക്രട്ടറി മൊയിൻ അക്തറിനെ വിവരം അറിയിച്ചു. അവിടെ പോയി നോക്കി വേണ്ടത് ചെയ്യാൻ അദ്ദേഹം നിർദേശിച്ചു.
തുടർന്ന് ശിഹാബും പാലക്കാട് കൂട്ടായ്മ ഭാരവാഹികളായ കബീർ പട്ടാമ്പി, റഊഫ് പട്ടാമ്പി എന്നിവരും എയർപോർട്ടിലെത്തി. അധികൃതരുടെ അനുമതിയോടെ അകത്തു കയറി സുരേഷിനോട് സംസാരിച്ചു. പിന്നീട് ബന്ധപ്പെട്ട ആൾക്കാരുമായി സംസാരിച്ച ശേഷം മൂന്നാം നമ്പർ ടെർമിനലിൽനിന്ന് ഞായറാഴ്ച രാത്രി 8.40ന് പുറപ്പെടുന്ന നാസ് വിമാനത്തിൽ കയറ്റിവിടാമെന്ന് ഒടുവിൽ തീരുമാനമായി. പുതിയ ടിക്കറ്റെടുത്തു. ആളെ സുരക്ഷിതമായി ഡൽഹിയിൽ കുടുംബാംഗങ്ങളുടെ അടുത്തെത്തിക്കാൻ ഒരു സഹയാത്രികനെ ചുമതലപ്പെടുത്തി വിടുകയും ചെയ്തു. ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ തിങ്കളാഴ്ച ഉച്ചയോടെ സുരേഷ് ഡൽഹിയിൽ ബന്ധുക്കൾക്കടുത്തെത്തുകയും ചെയ്തു.