കൊച്ചി: എളമക്കര കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പെൺവാണിഭ സംഘം പോലീസ് പിടിയിൽ. അന്തർസംസ്ഥാന ബന്ധങ്ങളുള്ള പെൺവാണിഭ സംഘത്തിൽപെട്ട സ്ത്രീകൾ ഉൾപ്പെടെയുള്ള മൂന്നുപേരാണ് പോലീസ് പിടിയിലായത്. ഇവരുടെ കൈയ്യിൽ അകപ്പെട്ട ഇരുപതുകാരിയായ ബംഗ്ലദേശ് സ്വദേശിനിയെ പോലീസ് രക്ഷപെടുത്തി. പെൺകുട്ടിയിപ്പോൾ പോലീസ് സംരക്ഷണയിൽ കഴിയുകയാണ്.
അന്തർസംസ്ഥാന ബന്ധങ്ങളുള്ള പെൺവാണിഭ സംഘത്തിലുൾപ്പെട്ട സെറീന, ഇവരുടെ സഹായിയായ ശ്യാം, സെറീനയുടെ കൂട്ടാളിയായ മറ്റൊരു സ്ത്രീയുമാണ് എളമക്കര പൊലീസിന്റെ പിടിയിലായത്. ഇതിൽ സെറീനയാണ് പെൺകുട്ടിയെ കൊച്ചിയിൽ എത്തിച്ചതെന്നാണു കരുതുന്നത്.
ഇവരുടെ കൈയ്യിലെത്തിയ പെൺകുട്ടിയെ സംഘം ഇരുപതിലേറെ പേർക്ക് എത്തിച്ചുനൽകിയെന്നാണു റിപ്പോർട്ടുകൾ. ചെറുപ്പത്തിലെ മാതാപിതാക്കൾ നഷ്ടമായ പെൺകുട്ടി 12ാം വയസിൽ ബന്ധുവിനൊപ്പമാണ് ഇന്ത്യയിലെത്തിയത്. കുട്ടി പിന്നീട് പെൺവാണിഭ സംഘത്തിന്റെ പിടിയിലാകുകയായിരുന്നു. ഒരാഴ്ച മുൻപാണ് സെറീന പെൺകുട്ടിയെ ബെംഗളൂരുവിൽനിന്ന് കൊച്ചിയിലെത്തിക്കുന്നത്. ഇവരെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളു.