കൽപ്പറ്റ: അതി ജീവനത്തിന്റെ പാഠങ്ങൾ സ്വന്തം അനുഭവങ്ങളിലൂടെ താണ്ടി ഈ കുരുന്നുകൾ. ഇനി മുന്നോട്ടുള്ള പോക്ക് അവർക്ക് ഇതിലും ദുർഘടമാവില്ല. ഒരു രാത്രി ഇരുട്ടി വെളുക്കുന്നതിപ്പുറം ഉറ്റവരും ഉടയവരും താമസിക്കാനുള്ള കൂര പോലും നഷ്ടപ്പെട്ടവർ ഇന്ന് വിദ്യാലയത്തിന്റെ പടി കയറി. കൂടെ കൂട്ടുകൂടി ഇരുന്നവരിൽ പലരുമില്ല എങ്കിലും മുന്നോട്ടു പോയേ മതിയാവുവെന്ന് അവർക്കറിയാം.
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ദുരന്തമേഖലയിൽ സ്കൂളുകൾ പ്രവർത്തനമാരംഭിച്ചു. മേപ്പാടി ഗവ. എൽപി സ്കൂൾ, മേപ്പാടി ഗവ. ഹയർസെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലാണ് ക്ലാസ് ആരംഭിച്ചത്.
സ്കൂളുകളിലെത്തിയ വിദ്യാർഥികൾ തങ്ങളെ വിട്ടുപിരിഞ്ഞ സഹപാഠികൾക്ക് അനുശോചനം രേഖപ്പെടുത്തിയാണ് അധ്യായനത്തിന് തുടക്കം കുറിച്ചത്. മേപ്പാടി ഗവ. ഹയർസെക്കണ്ടറി സ്കൂൾ പ്ലസ്ടു വിദ്യാർഥിനി ഹീന, പ്ലസ്വൺ വിദ്യാർഥികളായ മുഹമ്മദ് നൈഷാൻ, ശരൺ എന്നിവർ വയനാട് ദുരന്തത്തിൽ പൊലിഞ്ഞുപോയിരുന്നു. സ്കൂൾ അസംബ്ലി ചേർന്ന് ഈ വിദ്യാർഥികൾക്കായി ആദരാഞ്ജലികളർപ്പിച്ചു.
ഉരുൾപ്പൊട്ടലിൽ തകർന്ന വെള്ളാർമല ജിവിഎച്ച്എസ്എസിലും മുണ്ടക്കൈ ജിഎൽപി സ്കൂളിലും അടുത്ത മാസം രണ്ടിനാണ് ക്ലാസുകൾ തുടങ്ങുക. ജൂലൈ 30ന് ആണ് വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉരുൾപ്പൊട്ടലുണ്ടായത്. ഒരൊറ്റ ദിവസം 500 ൽ അധികം വിദ്യാർഥികൾക്കാണ് സ്കൂളില്ലാതായത്.
ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ചിരുന്ന മേപ്പാടി ഹൈസ്കൂളിൽ നൂറ് കണക്കിന് കുടുംബങ്ങളാണ് താമസിച്ചിരുന്നത്. താത്കാലിക പുനരധിവാസത്തിൻറെ ഭാഗമായി മുഴുവൻ കുടുംബങ്ങളേയും മാറ്റി പാർച്ചിച്ചതിനെത്തുടർന്നാണ് സ്കൂളുകളിൽ ക്ലാസ് ആരംഭിച്ചത്.
എന്നാൽ തകർന്ന രണ്ട് സ്കൂളുകളിലെ അധ്യാപകരുടെ പുനർവിന്യാസത്തിൽ അന്തിമ തീരുമാനമായിട്ടില്ല. വിദ്യാർഥികളുടെ യാത്രയ്ക്ക് കെഎസ്ആർടിസിയുമായി സഹകരിച്ചാണ് ക്രമീകരണം ഏർപ്പെടുത്തുന്നത്. കലക്ടർ അനുവദിച്ച പ്രത്യേക പാസുമായി സൗജന്യ യാത്ര നടത്താം.
അതേസമയം, ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള ഇന്നത്തെ തിരച്ചിൽ മാറ്റിവച്ചു. പ്രദേശത്തെ കനത്ത മഴയും കോടയുമാണ് കാരണം. ആനടിക്കാപ്പ് -സൂചിപ്പാറ മേഖലയിലായിരുന്നു ഇന്ന് തിരച്ചിൽ നടത്താൻ തീരുമാനിച്ചത്. ഇവിടെ നിന്ന് ആറ് മൃതദേഹ ഭാഗങ്ങൾ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.