ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം കഴിഞ്ഞ ദിവസമാണ് ഒരു സൂപ്പർ സ്റ്റാർ തന്നെ കയറിപ്പിടിച്ചുവെന്ന് നടി സോണിയ മൽഹാർ വെളിപ്പെടുത്തിയത്. എന്നാൽ താൻ ആരോപണം ഉന്നയിച്ചത് നടൻ ജയസൂര്യയെ കുറിച്ച് അല്ലെന്നു പറഞ്ഞ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് നടി സോണിയ. വെളിപ്പെടുത്തൽ നടത്തിയത് പല പ്രമുഖരുടെ മുഖംമൂടി അഴിക്കാനാണെന്നും നിയമപരമായ നടപടികൾ ഈ വിഷയത്തിൽ ഇനി വരികയാണെങ്കിൽ അന്വേഷണ സംഘത്തിനു മുന്നിൽ ആ പേര് വെളിപ്പെടുത്തുമെന്നും നടി പറഞ്ഞു.
‘‘എന്റെ വെളിപ്പെടുത്തൽ കാരണം പല ആർട്ടിസ്റ്റുകളുടെയും സൂപ്പർതാരങ്ങളുടെയും പേരുകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി കേട്ടു. ലാലേട്ടൻ, ദുൽഖർ, ജയസൂര്യ അടക്കം പലരുടെയും പേരുകൾ പറഞ്ഞു. ഇതൊക്കെ കേൾക്കുമ്പോൾ നമുക്ക് ഭയങ്കര വിഷമമുണ്ട്. പൊതുജനം പല ഊഹാപോഹങ്ങളും സൃഷ്ടിക്കും. എന്നാൽ താൻ ഉദ്ദേശിച്ച നടൻ ജയസൂര്യയല്ല.
ഞാൻ ആരെയും ഭയക്കുന്നില്ല. എനിക്കൊരു ട്രോമയിലേക്ക് കടന്നുപോകാനും താല്പര്യമില്ല. ഞാൻ വിധവയാണ്. എനിക്ക് മക്കളുണ്ട്, ഉത്തരവാദിത്തങ്ങളുമുണ്ട്. ഒരു തമിഴ് സിനിമ വരാനുണ്ട്. ഒരാളുടെ പേര് പറഞ്ഞ്, അയാളെ ആളുകളുടെ മുന്നിൽ നിർത്താൻ താൽപര്യമില്ല. അതുകൊണ്ടാണ് പേര് വെളിപ്പെടുത്താത്തത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം കഴിഞ്ഞ ദിവസമാണ് ഒരു സൂപ്പർ സ്റ്റാർ തന്നെ കയറിപ്പിടിച്ചുവെന്ന് നടി സോണിയ വെളിപ്പെടുത്തിയത്. തൊടുപുഴയിലെ സിനിമാസെറ്റിൽവെച്ച് 2013-ൽ ആണ് സൂപ്പർസ്റ്റാറിന്റെ ഭാഗത്തുനിന്ന് ദുരനുഭവമുണ്ടായത്. മേക്കപ്പ് ചെയ്ത ശേഷം ടോയ്ലെറ്റിൽ പോയി തിരികെവരുന്ന വഴി സൂപ്പർസ്റ്റാർ കയറിപിടിച്ചുവെന്ന് സോണിയ പറഞ്ഞു. വളരെയേറെ ആരാധിച്ച ആളായിരുന്നുവെന്നും അങ്ങനെ ഒരാളിൽ നിന്നും ഇതുണ്ടായപ്പോൾ പേടിച്ചുപോയി എന്നും അവർ കൂട്ടിച്ചേർത്തു.
നിങ്ങളുടെ ഈ ഡ്രസ്സും കണ്ണുമൊക്കെ അട്രാക്ടീവാണ്, വന്നപ്പോഴേ ശ്രദ്ധിച്ചുവെന്നാണ് അയാൾ മറുപടി പറഞ്ഞതെന്നും നടി വ്യക്തമാക്കി. സിനിമയിലൊരുപാട് അവസരം തരാം എന്ന് പറഞ്ഞുവെന്നും സോണിയ പറഞ്ഞു.