തൃശൂർ: ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെയുണ്ടായ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകരോട് കയർത്ത് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി.
മാധ്യമങ്ങൾക്കുള്ള ഒരു തീറ്റയാണ് ഇപ്പോൾ ഉയർന്നുവരുന്ന ആരോപണങ്ങൾ. നിങ്ങൾ അതുവച്ച് കാശുണ്ടാക്കിക്കോളൂ. എന്നാൽ ഒരു വലിയ സംവിധാനത്തെയാണ് നിങ്ങൾ തകിടം മറിക്കുന്നത്. ആടിനെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുകയാണ് നിങ്ങൾ. മാധ്യമങ്ങൾ സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴി തെറ്റിച്ചു വിടുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
പുതിയ ആരോപണങ്ങൾ ഉയർന്നുവരുന്നുണ്ടെന്ന ചോദ്യത്തിന് എല്ലാത്തിനും കോടതി ഉത്തരം പറയുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. “പരാതികൾ ആരോപണത്തിന്റെ രൂപത്തിലാണ് നിൽക്കുന്നത്. നിങ്ങൾ ആരോടാണ് സംസാരിക്കുന്നത്. നിങ്ങൾ കോടതിയാണോ? കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട്. കോടതി തിരുമാനിക്കും. ഞാൻ പറയാനുള്ളത് പറഞ്ഞു’- സുരേഷ് ഗോപി പറഞ്ഞു.