കാളിന്ദികുഞ്ച്: സൗത്ത് ഡൽഹി കാളിന്ദി കുഞ്ചിലെ നഴ്സിങ് ഹോമിൽ യുനാനി ഡോക്ടർ വെടിയേറ്റു മരിച്ച സംഭവത്തിനു പിന്നിൽ ക്വട്ടേഷനെന്ന് പൊലീസ്. ഡോക്ടറുടെ കൂടെ ആശുപത്രിയിൽ ജോലിചെയ്യുന്ന നഴ്സിന്റെ ഭർത്താവാണ് ക്വട്ടേഷൻ നൽകിയത്. നഴ്സിനു കൊല്ലപ്പെട്ട ഡോക്ടറുമായി വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തിൽ ഇയാൾ പ്രതികൾക്ക് ക്വട്ടേഷൻ നൽകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 16 വയസുള്ള കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് കാളിന്ദി കുഞ്ചിലെ ജയിത്പുര എക്സ്റ്റൻഷനിലെ നിമ ആശുപത്രിയിലെ യുനാനി ഡോക്ടർ ജാവേദ് അക്തറെ (55)
ചികിത്സയ്ക്കെത്തിയ രണ്ട് കൗമാരക്കാർ വെടിവച്ചു കൊലപ്പെടുത്തിയത്. കാലിലെ മുറിവ് വച്ചുകെട്ടാനെന്നു പറഞ്ഞ് ആശുപത്രിയിലെത്തിയ ഇവർ അറ്റൻഡർ മുറിവ് വച്ചുകെട്ടിയ ശേഷം ഡോക്ടറുടെ മുറിയിലേക്കു പോവുകയായിരുന്നു. കുറിപ്പടി വാങ്ങാനെന്ന പേരിൽ ഡോക്ടറുടെ മുറിയിലെത്തിയ ഇവർ ജാവേദിന്റെ തലയ്ക്കു വെടിവയ്ക്കുകയായിരുന്നു.
കൃത്യം നടത്തിയതിനുശേഷം ഇവരിലൊരാൾ ‘2024ൽ കൊലപാതകം ചെയ്തു (കർ ദിയ 2024 മേം മർഡർ)’ എന്ന അടിക്കുറിപ്പുമായി തോക്കും പിടിച്ചു നിൽക്കുന്ന ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ ഇയാൾ പിടിയിലാവുകയായിരുന്നു. കൂട്ടുപ്രതിക്കായി തിരച്ചിൽ നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. നഴ്സും ഡോക്ടറും തമ്മിൽ വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തിലാണ് ഭർത്താവ് ഡോക്ടറെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത്.
ക്വട്ടേഷനു പ്രതിഫലമായി ഇവരിലൊരാളുമായി പ്രണയത്തിലായിരുന്ന മകളെ വിവാഹം ചെയ്തുതരാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. കൂടാതെ നഴ്സിന്റെ ഭർത്താവ് നൽകിയ എടിഎം കാർഡ് ഉപയോഗിച്ച് ഇവർ പണം പിൻവലിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.