എരുമപ്പെട്ടി:∙ വരവൂരിൽ കാട്ടുപന്നിയെ തുരത്താൻ വേണ്ടി വച്ചിരുന്ന വൈദ്യുതി കെണിയിൽനിന്നു ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു. വരവൂർ സ്വദേശികളായ രവി (50), അരവിന്ദാക്ഷൻ (55) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുവരും പാടത്തു മീൻ പിടിക്കുവാൻ പോവുകയാണെന്നു വീട്ടുകാരോട് പറഞ്ഞ് ഇറങ്ങിയതായിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് ഇരുവരും പാടശേഖരത്തിന് സമീപം മരിച്ച നിലയിൽ കിടക്കുന്നതായി പ്രദേശവാസികൾ കണ്ടെത്തിയത്. മൃതദേഹങ്ങളുടെ സമീപത്ത് കാട്ടുപന്നിയേയും ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
രാത്രിയായതിനാൽ കൃഷിയിടത്ത് പന്നികളെ പിടികൂടാൻ വൈദ്യുതി കെണി വച്ചിരുന്ന കാര്യം ഇവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നാണ് നിഗമനം. കൂടാതെ വൈദ്യുതി കെണി വച്ചിരുന്ന സ്ഥലത്ത് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് ബോർഡുകൾ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ എരുമപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റമാർട്ടത്തിനായി കൊണ്ടുപോകും.