അമേഠി: യുപിയിൽ ഒരു വയസുള്ള കുഞ്ഞ് ഉൾപ്പെടെ നാലംഗ ദലിത് കുടുംബത്തെ കൂട്ടക്കൊല ചെയ്യാൻ കാരണം പൂർവവൈരാഗ്യമെന്ന് പോലീസ്. കൊല്ലപ്പെട്ട യുവതിയുമായി തനിക്ക് ഒന്നരവർഷത്തോളമായി ബന്ധമുണ്ടായിരുന്നെന്നും അതു വഷളായതിനാലാണ് കൊലപാതകം നടത്തിയതെന്നുമാണ് പ്രതി ചന്ദൻ വർമ മൊഴി നൽകിയിരിക്കുന്നതെന്നും പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെ നോയിഡയ്ക്ക് സമീപമുള്ള ടോൾ പ്ലാസയിൽ നിന്നാണ് ചന്ദൻ വർമയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനിടെ പോലീസ് കസ്റ്റഡിയിൽ നിന്ന് ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് വെടിവെച്ചു വീഴ്ത്തി. തെളിവെടുപ്പിനിടെ കൊലപാതകത്തിന് ഉപയോഗിച്ച പിസ്റ്റളും ഇയാൾ സഞ്ചരിച്ചിരുന്ന മോട്ടർ സൈക്കിളും പൊലീസ് കണ്ടെടുക്കുകയും ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് റായ്ബറേലി സ്വദേശിയും അമേഠിയിൽ സർക്കാർ സ്കൂൾ അധ്യാപകനുമായ സുനിൽകുമാർ (35), ഭാര്യ പൂനം (32), മകൾ ദൃഷ്ടി (6), ഒരു വയസുള്ള മകൾ എന്നിവരെ വീട്ടിൽ കയറി വെടിവച്ചു കൊലപ്പെടുത്തിയത്.
തനിക്കുനേരെ വധഭീഷണിയുള്ളതായി കാണിച്ച് പൂനം പൊലീസിൽ പരാതി നൽകി ഒരു മാസത്തിനുശേഷമായിരുന്നു സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ പട്ടികവിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമപ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. തനിക്കോ, കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാൽ ചന്ദൻ വർമയായിരിക്കും ഉത്തരവാദിയെന്നും പൂനം പരാതിയിൽ പറഞ്ഞിരുന്നു. അതേസമയം നാടിനെ നടുക്കിയ കൊലപാതകത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.