കോഴിക്കോട്: കൂത്തുപറമ്പ് വെടിവെപ്പിൽ പരുക്കേറ്റ് മൂന്നു പതിറ്റാണ്ടോളം ശയ്യാലംബിയായിരുന്ന ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പൻ (54) അന്തരിച്ചു. സിപിഎം അണികൾക്കിടയിൽ ജീവിക്കുന്ന രക്തസാക്ഷിയെന്ന് അറിയപ്പെട്ടിരുന്ന പുഷ്പൻ, കൂത്തുപറമ്പ് വെടിവെപ്പിൽ കഴുത്തിന് പരുക്കേറ്റ് കഴിഞ്ഞ 30 വർഷമായി കിടപ്പിലായിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പുഷ്പൻ ശനിയാഴ്ച ഉച്ചയോടെ അന്തരിച്ചു.
1994 -ൽ സ്വാശ്രയ കോളേജിനെതിരായ സമരത്തിനിടെയാണ് പുഷ്പന്റെ കഴുത്തിന് വെടിയേൽക്കുന്നത്. 1994 നവംബർ 25-ന് തലശേരിക്കടുത്ത് കൂത്തുപറമ്പിൽ മന്ത്രി എംവി രാഘവനെ തടയാനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ പോലീസ് വെടിവെപ്പ് നടത്തുകയായിരുന്നു. കൂത്തുപറമ്പിലെ അർബൻ സഹകരണബാങ്കിന്റെ സായാഹ്നശാഖയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി.
വെടിവെപ്പിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ കെ.കെ. രാജീവൻ, മധു, ഷിബുലാൽ, ബാബു, റോഷൻ എന്നിവർ കൊല്ലപ്പെട്ടു. പുഷ്പൻ അടക്കം ആറോളം പ്രവർത്തകർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.അന്നത്തെ വെടിവെപ്പിൽ പുഷ്പന്റെ കഴുത്ത് തുളച്ചു പുറത്തെത്തിയ വെടിയുണ്ട സുഷുമ്ന നാഡിക്കും ക്ഷതമേൽപിച്ചിരുന്നു. അന്നത്തെ വെടിവെപ്പിൽ വീണ പുഷ്പൻ പിന്നീടൊരിക്കലും എഴുന്നേറ്റില്ല.