തിരുവനന്തപുരം: ഡ്രൈവിംങ് സ്കൂള്‍ വാഹനങ്ങള്‍ക്ക് കളര്‍ കോഡ് നിര്‍ബന്ധമാക്കി സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. മോട്ടോര്‍ സൈക്കിള്‍ ഒഴികെയുള്ള വാഹനങ്ങൾക്കാണ് ഈ നിയമം ബാധകമാവുക. ആംബര്‍ മഞ്ഞ നിറത്തിലുള്ള നിറമായിരിക്കും ഡ്രൈവിംങ് സ്കൂള്‍ വാഹനങ്ങള്‍ക്ക് നല്‍കുക. ഒക്ടോബര്‍ ഒന്നാം തിയതി മുതല്‍ ഈ നിര്‍ദേശം പ്രാബല്യത്തില്‍ വരുത്താനാണ് മോട്ടോർ വാഹന വകുപ്പ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തിലായിരുന്നു തീരുമാനം.
വാഹനത്തിന്റെ മുന്നിലെ ബോണറ്റിലും ബമ്പറിലും റിയറിലെ ഡോറിലും ബമ്പറിലുമായിരിക്കും മഞ്ഞനിറം നല്‍കുക. ഡ്രൈവിംങ് സ്കൂള്‍ വാഹനങ്ങള്‍ക്ക് മഞ്ഞ നിറം നല്‍കുന്നത് റോഡ് സുരക്ഷ പരിഗണിച്ചാണെന്ന് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു. ഇത്തരത്തിൽ കളർ നൽകുന്നതോടെ വാഹനങ്ങൾ പെട്ടെന്ന് തിരിച്ചറിയാന്‍ മറ്റുള്ളവർക്ക്കഴിയും. മാത്രമല്ല, നിലവിൽ മിക്ക ഡൈവിങ് സ്കൂളുകളിലും പരിചയകുറവുള്ള ഡ്രൈവര്‍മാരാണ് പരിശീലനാര്‍ഥിയായി എത്തുന്നത്. ഇത് അപകടങ്ങൾ കൂട്ടാൻ ഇടയാക്കും. ഇത്തരം കളർ നൽകുന്നതോടെ മറ്റ് ഡ്രൈവര്‍മാരില്‍ നിന്ന് പ്രത്യേക പരിഗണന ലഭിക്കും. അത് ഇരു വിഭാഗത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ കാരണമാകും.
സംസ്ഥാനത്ത് 6000 ഡ്രൈവിങ് സ്കൂളുകളിലായി 30,000 വാഹനങ്ങളാണുള്ളത്. പുതിയ തീരുമാനം ഡ്രൈവിങ് സ്കൂള്‍ ഉടമകളെ സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കുമെന്ന് ഉറപ്പാണ്. നിലവില്‍ ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾക്ക് ‘എല്‍’ ബോര്‍ഡും ഡ്രൈവിങ് സ്കൂളിന്റെ പേരുമാണ് തിരിച്ചറിയുന്നതിനുള്ള മാര്ഗമായുള്ളത്.
ഏതാനും മാസങ്ങൾക്ക് മുൻപ് പ്രാബല്യത്തിൽ വന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം തന്നെ ഡ്രൈവിംങ് സ്കൂള്‍ ഉടമകളും വാഹന വകുപ്പും തമ്മിൽ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മാത്രമല്ല, പല ഡ്രൈവിംങ് സ്കൂളുകൾക്കും പുതിയ നിയമനുസരിച്ച് ടെസ്റ്റ് പരിശീലനത്തിനുള്ള സ്ഥലം കണ്ടെത്തൽ ഏറെ ദുഷ്കരമായിരുന്നു.