ന്യൂഡൽഹി: പാരീസിൽ നിന്ന് തിരിച്ചെത്തിയ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് വൻ സ്വീകരണമൊരുക്കി സഹപ്രവർത്തകരും നാട്ടുകാരും. ശനിയാഴ്ച രാവിലെ 10 മണിയോടെ വിമാനത്താവളത്തിലെത്തിയ വിനേഷിന് സ്വന്തം ഗ്രാമമായ ചാർഖി ദാദ്രി ജില്ലയിലെത്താനെടുത്ത സമയം 12 മണിക്കൂർ. അപ്രതീക്ഷിതമായി ഫൈനലിൽ നിന്ന് പുറത്തായ താരത്തിന് പിൻതുണ അറിയിക്കാൻ ഒരു ഗ്രാമം മുഴുവൻ പുലർച്ചെവരെ അവരോടൊപ്പമുണ്ടായിരുന്നു.
തന്നെ സ്വീകരിക്കാൻ ആയിരക്കണക്കിന് ആളുകൾ വിമാനത്താവളത്തിൽ തടിച്ചുകൂടിയപ്പോൾതന്നെ വിനേഷിൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
“ഒളിംപിക് മെഡൽ നഷ്ടമായത് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ മുറിവാണെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു,” രാത്രി വൈകി ഗ്രാമത്തിലെത്തിയ വിനേഷ് പറഞ്ഞു. “ഈ മുറിവ് ഉണങ്ങാൻ എത്ര സമയമെടുക്കുമെന്ന് എനിക്കറിയില്ല, ഞാൻ ഗുസ്തി പിന്തുടരുമോ ഇല്ലയോയെന്നും എനിക്കറിയില്ല, പക്ഷേ ഇപ്പോൾ എനിക്ക് ലഭിച്ച ധൈര്യം, അത് ശരിയായ രീതിയിൽ ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു വിനേഷ് പറഞ്ഞു. ഞങ്ങളുടെ പോരാട്ടം അവസാനിക്കുന്നില്ല, അതു തുടരുക തന്നെ ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.