ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനു വേണ്ടിയുള്ള തിരച്ചില്‍ പുന:രാരംഭിക്കാനായില്ല. നാവിക സേനയുടെ നേതൃത്വത്തില്‍ രാവിലെ 9 മണിയോടെ തിരച്ചില്‍ തുടങ്ങുമെന്നായിരുന്നു നേരത്തേ അറിയിച്ചത്. എന്നാല്‍ പുഴയിലിറങ്ങാന്‍ നാവിക സേനയ്ക്ക് ജില്ലാ ഭരണകൂടത്തില്‍ നിന്ന് അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ഷിരൂരില്‍ കഴിഞ്ഞ അഞ്ചു ദിവസമായി മഴയില്ലാത്തതും നദിയിലെ ഒഴുക്ക് കുറഞ്ഞതും നോക്കിയാല്‍ ഇന്ന് തിരിച്ചിലിന് അനുകൂലമാണെന്ന് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന് പറഞ്ഞു.
ഇന്ന് സോണാര്‍ പരിശോധന നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. അതു പ്രകാരം തിരച്ചിലിനായി നാവിക സേനാംഗങ്ങള്‍ ഷിരൂരിലെത്തിയിട്ടുണ്ട്്. മഴയില്ലാത്ത കാലാവസ്ഥയാണ്. പുഴയിലെ ജലനിരപ്പും കുറവാണ്. ഏറ്റവും അനുകൂലമായ സാഹചര്യമായിട്ടും ജില്ലാ ഭരണകൂടം നാവിക സേനയ്ക്ക് അനുമതി നല്‍കിയിട്ടില്ല.
തിരച്ചില്‍ തുടരുമെന്ന് കര്‍ണാടക ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് അറിയിച്ചിരുന്നു. അര്‍ജുന്റെ കുടുംബത്തിന്റെ ആശങ്ക കര്‍ണാടക മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തിരിച്ചില്‍ പുന:രാരംഭിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്നലെ കാര്‍വാറില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. അതുപ്രകാരമാണ് ഇന്ന് തിരച്ചില്‍ നടത്താന്‍ തീരുമാനമായത്. രാവിലെ 9 മണിയോടെ തിരച്ചില്‍ ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.