ഡല്‍ഹി: 2024 ലെ പാരീസ് ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടിയെത്തിയ മലയാളി താരം പിആര്‍ ശ്രീജേഷ് ഉള്‍പ്പെടുന്ന ഇന്ത്യന്‍ ഹോക്കി ടീമിന് ഡല്‍ഹി വിമാനത്താവളത്തില്‍ ഊഷ്മളമായ സ്വീകരണം. മെഡല്‍ ജേതാക്കളെ കാണാന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ധോലിന്റെ ഈണങ്ങളോടെയാണ് ആരാധകര്‍ ഇന്ത്യന്‍ ഹോക്കി താരങ്ങളെ സ്വീകരിച്ചത്.
ശനിയാഴ്ച ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ ആദ്യ സെറ്റ് ന്യൂഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. 2024 സമ്മര്‍ ഗെയിംസിന്റെ സമാപന ചടങ്ങില്‍ തങ്ങിയ ബാക്കിയുള്ള കളിക്കാരാണ് ഇന്ന് എത്തിയത്. ബുധനാഴ്ചയാണ് ഹോക്കി ഫെഡറേഷന്റെ സ്വീകരണം.
പിആര്‍ ശ്രീജേഷ്, അഭിഷേക് നൈന്‍, അമിത് രോഹിദാസ്, സഞ്ജയ് എന്നിവരുള്‍പ്പെടുന്ന ടീമാണ് ഇന്ന് രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്.’ഈ സാഹചര്യം വളരെ മികച്ചതായി തോന്നുന്നു. ഇന്ത്യ മുഴുവന്‍ ഉള്ളവര്‍ ഞങ്ങള്‍ക്ക് അതിന്റെ സ്നേഹം നല്കുന്നു. ഞങ്ങളെ കൂടുതല്‍ സ്നേഹിക്കൂ, ഞങ്ങള്‍ കൂടുതല്‍ മികച്ച പ്രകടനം നടത്തുമെന്നാണ്’ ടീം അംഗങ്ങഴിലൊരാളായ സുമിത് വാല്മീകി പറഞ്ഞു.