പൂച്ചാക്കല്‍ (ആലപ്പുഴ): പലപ്പോഴും പലതരത്തില്‍ കൊല്ലുവാന്‍ ശ്രമിച്ചു ആ അമ്മ, ജീവന് രക്ഷിക്കാന്‍ ആ കുരുന്നും, എന്നിട്ടും ലോകം കാണാന്‍ അവള്‍ക്കായില്ല. ചുറ്റുമുള്ളവരുടെ കൂട്ടായ ശ്രമം അവളെ മരണത്തിലേക്ക് നയിച്ചു. തകഴിയില്‍ നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ കുഞ്ഞിന്റെ അമ്മയായ ഡോണ ജോജി (22) ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമം നടത്തിയെന്ന് റിപ്പോര്‍ട്ട്. ഇതു പരാജയപ്പെട്ടതോടെ രഹസ്യമായി പ്രസവിച്ച ശേഷം കാര്യങ്ങള്‍ തീരുമാനിക്കാമെന്നതിലേക്ക് ഡോണയും കുഞ്ഞിന്റെ അച്ഛനായ തോമസ് ജോസഫും എത്തുകയായിരുന്നു.
ഗര്‍ഭഛിദ്രത്തിനായി ഡോണ ഗുളികകള്‍ കഴിച്ചിരുന്നു. ഇതോടെ ഗര്‍ഭം അലസിയെന്നാണു കരുതിയതെന്നും ഇവര്‍ പൊലീസിനോടു പറഞ്ഞു. എന്നാല്‍ കുഞ്ഞിനെ തോമസിന്റെ കയ്യില്‍ ഏല്‍പ്പിക്കുമ്പോള്‍ കുഞ്ഞിന് ജീവനുണ്ടായിരുന്നോയെന്ന കാര്യത്തില്‍ വ്യക്തമായ ധാരണ കിട്ടിയിട്ടില്ല. പ്രസവ ശേഷം കുഞ്ഞ് കരഞ്ഞുവെന്നും എന്നാല്‍ തോമസിന്റെ കയ്യില്‍ ശിശുവിനെ ഏല്‍പ്പിക്കുമ്പോള്‍ ജീവനില്ലായിരുന്നെന്നുമാണ് ഇരുവരുടേയും മൊഴികള്‍.
കുഞ്ഞിനെ കുഴിച്ചുമൂടിയ സംഭവത്തില്‍ പാണാവള്ളി പഞ്ചായത്ത് 13-ാം വാര്‍ഡ് ആനമൂട്ടില്‍ച്ചിറ ഡോണാ ജോജി (22), കാമുകന് തകഴി വിരുപ്പാല രണ്ടുപറ പുത്തന്‍പറമ്പ് തോമസ് ജോസഫ് (24), ഇയാളുടെ സുഹൃത്ത് തകഴി കുന്നുമ്മ ജോസഫ് ഭവനില്‍ അശോക് ജോസഫ് (30) എന്നിവരാണ് അറസ്റ്റിലായത്. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഡോണ പൊലീസ് നിരീക്ഷണത്തിലാണ്. കൂടുതല്‍ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. ഇരുവരുടെയും ഫോണ്‍വിളി വിവരങ്ങള്‍ കോടതിയുടെ അനുവാദത്തോടെ പരിശോധിക്കാനും ആലോചിക്കുന്നു. മറ്റു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി ഇവരെ റിമാന്‍ഡ് ചെയ്തു.