ബംഗളൂരു: മൈസൂർ അർബൻ ഡെവലപ്മെൻ്റ് അതോറിറ്റി (മുഡ) ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ കർണാടക ഗവർണറുടെ അനുമതി. ഗവർണർ തവർചന്ദ് ഗെലോട്ട് ആണ് അനുമതി നൽകിയത്. അതിനിടെ ഗവര്‍ണറുടെ ഉത്തരവ് ചോദ്യം ചെയ്ത് സിദ്ധരാമയ്യയുടെ അഭിഭാഷകര്‍ കര്‍ണാടക ഹൈക്കോടതിയെ ശനിയാഴ്ച തന്നെ സമീപിക്കും. വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ തിടുക്കപ്പെട്ടാണ് അനുമതി നല്‍കിയെന്ന് ആരോപിച്ചാവും അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുക.
യെദ്യൂരപ്പ കേസിൽ സംസ്ഥാന ഹൈക്കോടതിയുടെ ഉത്തരവിന് വിരുദ്ധമാണ് ഗവർണറുടെ അനുമതി. പക്ഷപാതപരവും ഗൂഢാലോചനയുടെ ഭാഗവുമായാണ് പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതെന്ന് കോൺഗ്രസ് വക്താവ് രമേഷ് ബാബു പറഞ്ഞു. ഗവർണറുടെ നടപടി അസാധുവാക്കാൻ കോൺഗ്രസ് നിയമ പോരാട്ടം നടത്തും.
കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഗവര്‍ണര്‍ വിചാരണയ്ക്ക് അനുമതി നല്‍കിയതെന്ന് കോൺഗ്രസ്ആരോപിച്ചു. ഗവര്‍ണര്‍ അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്നും സിദ്ധരാമയ്യ രാജിവെക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.