പാരിസ്: പാരിസ് ഒളിംപിക്സ് സമാപിച്ച് ദിവസങ്ങള്‍ക്കു ശേഷം തിരിച്ചെത്തിയ ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഡല്‍ഹിയില്‍ ഉജ്വല സ്വീകരണം. ഗുസ്തി താരങ്ങളായ ബജ്രങ് പൂനിയ, സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ടിന്റെ കുടുംബം എന്നിവരോടൊപ്പം നൂറു കണക്കിന് ആരാധകരും വിനേഷിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.നോട്ട് മാലയിട്ടാണ് താരത്തെ ആരാധകര്‍ സ്വീകരിച്ചത്. പ്രത്യേകം തയാറാക്കിയ വാഹനത്തില്‍ വിനേഷ് ആരാധകരെ അഭിവാദ്യം ചെയ്തു.
രാജ്യം നല്കിയ പിന്തുണയ്ക്കു നന്ദിയുണ്ടെന്നു ഗുസ്തി താരം പ്രതികരിച്ചു. ‘അവള് എനിക്കൊരു ചാംപ്യനാണ്, സ്വര്‍ണ മെഡല്‍ നേടുമ്പോഴുള്ളതിനേക്കാള്‍ വലിയ ആദരവാണ് വിനേഷിന് രാജ്യം നല്‍കുന്നതെന്ന്’ മാതാവ് പ്രേംലത പറഞ്ഞു.
100 ഗ്രാം അധിക ഭാരത്തെ തുടര്‍ന്ന് ഫൈനലില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടിരുന്നു. ഇതിനെതിരെ വിനേഷ് ഫോഗട്ട് രാജ്യാന്തര കായിക തര്‍ക്കപരിഹാര കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളുകയായിരുന്നു.