ഷിംല: എംഎൽഎമാരുടെ കൂറുമാറ്റത്തിന് തടയിടാൻ പുതിയ നീക്കവുമായി ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാർ. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കപ്പെട്ട അംഗങ്ങളുടെ പെൻഷൻ തടയുന്നതിനുള്ള ഭേദഗതി ബിൽ ഹിമാചൽ പ്രദേശ് നിയമസഭ ബുധനാഴ്ച പാസാക്കി.
കൂറുമാറിയവരുടെ മേലുള്ള കുരുക്ക് മുറുക്കി മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു ചൊവ്വാഴ്ച ഹിമാചൽ പ്രദേശ് നിയമസഭ (അംഗങ്ങളുടെ അലവൻസുകളും പെൻഷനും) ഭേദഗതി ബിൽ, 2024 അവതരിപ്പിച്ചു. ഇതിന് സഭ ഇന്ന് അംഗീകാരം നൽകുകയായിരുന്നു.
ഇതുപ്രകാരം, “ഭരണഘടനയുടെ പത്താം ഷെഡ്യൂൾ (കൂറുമാറ്റ വിരുദ്ധ നിയമം) പ്രകാരം ഏതെങ്കിലും ഘട്ടത്തിൽ അയോഗ്യനാക്കപ്പെട്ടാൽ, നിയമപ്രകാരം ഒരു വ്യക്തിക്ക് പെൻഷന് അർഹതയില്ല.” ഈ ഭേദഗതിക്ക് കീഴിൽ അംഗത്വമില്ലാത്ത നിയമസഭാംഗങ്ങളുടെ പെൻഷൻ വീണ്ടെടുക്കുന്നതിനുള്ള വ്യവസ്ഥകളും ബില്ലിൽ ഉൾപ്പെടുന്നു.
നിയമത്തിലെ സെക്ഷൻ 6 ബി പ്രകാരം, അഞ്ച് വർഷം വരെ ഏതെങ്കിലും കാലയളവിൽ സേവനമനുഷ്ഠിച്ച എല്ലാ നിയമസഭാംഗങ്ങൾക്കും പ്രതിമാസം 36,000 രൂപ പെൻഷന് അർഹതയുണ്ട്. സെക്ഷൻ 6 (ഇ) കൂടാതെ, ഓരോ നിയമസഭാംഗത്തിനും ആദ്യ ടേമിൻ്റെ കാലയളവിനേക്കാൾ കൂടുതലായി എല്ലാ വർഷവും പ്രതിമാസം 1,000 രൂപ അധിക പെൻഷൻ നൽകുമെന്ന് പറയുന്നു.
ഭരണഘടനയുടെ പത്താം ഷെഡ്യൂൾ- ‘ആൻ്റി-ഡിഫെക്ഷൻ നിയമം’ രാഷ്ട്രീയ കൂറുമാറ്റങ്ങൾ തടയാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഈ നിയമം 1985ൽ പാർലമെൻ്റ് പാസാക്കിയതാണ്.
പാർട്ടിയുടെ വിപ്പ് ലംഘിച്ച് സഭയിൽ നിന്ന് വിട്ടുനിന്ന കോൺഗ്രസ് എംഎൽഎമാരായ സുധീർ ശർമ, രവി താക്കൂർ, രജീന്ദർ റാണ, ഇന്ദർ ദത്ത് ലഖൻപാൽ, ചേതന്യ ശർമ, ദേവീന്ദർ കുമാർ എന്നിവരെ കൂറുമാറ്റ നിരോധന നിയമപ്രകാരം ഈ വർഷം ഫെബ്രുവരിയിൽ അയോഗ്യരാക്കിയിരുന്നു.