തിരുവനന്തപുരം: പി.വി. അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലിന്റെ ആദ്യ നടപടിയെന്നോണം പത്തനംതിട്ട മുന്‍ എസ്.പി. സുജിത് ദാസ് ഐപിഎസിന് സസ്പെന്ഷന്. പി.വി. അന്‍വര്‍ എംഎല്‍എയുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് സുജിത് ദാസിനെതിരേ നടപടി ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം സസ്പെന്ഷന് സംബന്ധിച്ച ഉത്തരവ് പുറത്തെത്തിയത്. വിവാദ ഫോൺ സംഭാഷണം പുറത്തു വന്നതിനു പിന്നാലെ ഡിഐജി അജിതാ ബീഗത്തിനെ അന്വേഷണ ചുമതലയേൽപ്പിച്ചുകൊണ്ട് ഉത്തരവിറങ്ങിയിരുന്നു. തുടർന്ന് ഡിഐജിയ്ക്ക് നൽകിയ റിപ്പോർട്ടിൽ എസ്പി സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയിരുന്നു. ഇതിനേ തുടർന്നാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറങ്ങിയത്.
പത്തനംതിട്ട എസ്പി സ്ഥാനത്ത് നിന്ന് സുജിത് ദാസിനെ നീക്കുകയുയാണ് ആദ്യം ചെയ്തത്. പകരം ചുമതലകളൊന്നും നല്‍കിയിരുന്നില്ല. തുടർന്ന്പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു നിർദേശം. വൈകിട്ടോടെ സര്‍വീസില്‍നിന്ന് സസ്പെന്ഷന് ചെയ്തുകൊണ്ട് ഉത്തരവിറക്കി.
ഡിഐജി അജിതാ ബീഗം അന്വേഷണം നടത്തി ഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ സുജിത് ദാസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ അച്ചടക്ക ലംഘനമുണ്ടായെന്നും സര്‍വീസ് ചട്ടലംഘനം നടത്തിയതിന്റെ ഭാഗമായി നടപടിയുണ്ടാകണമെന്നും ശുപാര്‍ശ ചെയ്തു.
സുജിത് ദാസിന്റെ സസ്പെന്ഷനിനോട് പ്രതികരിച്ച് പി.വി. അന്‍വര്‍ ഫേസ്ബുക്കിലൂടെ രംഗത്തെത്തി. വിക്കറ്റ് നമ്പര്‍ 1 ഒരു പുഴുക്കുത്ത് പുറത്തേക്ക് എന്നായിരുന്നു അന്‍വര്‍ കുറിച്ചത്.