പീരുമേട്: വീട്ടിൽ ടിവി വയ്ക്കുന്നതിന്റെ പേരിലുണ്ടായ തർക്കത്തിനിടെ യുവാവിടെ കൊലപ്പെടുത്തിയ കേസിൽ അമ്മയേയു സഹോദരനേയും പോലീസ് അറസ്റ്റ് ചെയ്തു. സഹോദൻമാർ തമ്മിൽ റിമോർട്ടിന് അടികൂടുന്നതിനിടെ തടസം പിടിക്കാനെത്തിയ അമ്മയെ മരിച്ച അഖിൽ ബാബു (31) തള്ളി നിലത്തേക്കിടുകയായിരുന്നു. ഇതിൽ പ്രകോപിതമായ സഹോദൻ അഖിലിനെ കമ്പി വടികൊണ്ട് അടിച്ചിടുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് സഹോദരൻ അജിത്ത് (28), അമ്മ തുളസി (56) എന്നിവരാണ് അറസ്റ്റിലായത്. അഖിലും അജിത്തും തമ്മിൽ കലഹം പതിവായിരുന്നു. അജിത്തിന്റെ അടികൊണ്ട് ബോധംകെട്ടുവീണ അഖിലിനെ വലിച്ചിഴച്ചു കൊണ്ടുവന്നു സമീപത്തെ കമുകിൽ കെട്ടിയിട്ടു ക്രൂരമായി മർദിച്ചെന്നും അന്വേഷണസംഘം പറഞ്ഞു. മരണം ഉറപ്പാക്കിയ ശേഷം ചില ബന്ധുക്കളെ വിളിച്ച് ആ വിവരം അറിയിച്ചതായും പോലീസ് പറഞ്ഞു.
അഖിലിന്റെ മരണം ഉറപ്പാക്കാനായി കഴുത്തിൽ ഹോസിട്ടു മുറുക്കുകയും ഞെക്കിപ്പിടിക്കുകയും ചെയ്തതായി അജിത്ത് തന്നെ പൊലീസിനോടു വെളിപ്പെടുത്തി. അജിത്ത് വിളിച്ചുപറഞ്ഞതനുസരിച്ച് ബന്ധുക്കളും അയൽവാസികളും വീട്ടിൽ എത്തിയപ്പോൾ അഖിൽ മരിച്ചുകിടക്കുന്നതാണു കണ്ടത്.
സംഭവമറിഞ്ഞ് തങ്ങളെത്തുമ്പോൾ അജിത്തും തുളസിയും കുളിക്കുകയായിരുന്നു എന്ന അയൽവാസികളുടെ മൊഴി കേസ് തെളിയിക്കുന്നതിനു നിർണായകമായി. മകനെ കൊലപ്പെടുത്തുന്നതു കണ്ടിട്ടും പ്രതികരിക്കാതെ കുറ്റകൃത്യത്തിനു കൂട്ടുനിന്നെന്നും മറച്ചുവച്ചെന്നും പൊലീസ് പറഞ്ഞു. ഡിവൈഎസ്പി വിശാൽ ജോൺസൺ, എസ്എച്ച്ഒ ഗോപി ചന്ദ്രൻ, എസ്ഐ ജെഫി ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്..