പത്തനംതിട്ട: മാർത്തോമ്മ സഭയിലെ പള്ളിത്തർക്കത്തിന്റെ പേരിൽ കോളേജ് അധ്യാപിക സൈബർ ആക്രമണത്തിന് ഇരയായതായി പരാതി. കുടുംബ സുഹൃത്തായ വൈദികനുമൊത്ത് പത്തനംതിട്ട അടൂരിലെ ഒരു ഭക്ഷണശാലയിൽ നിൽക്കുന്ന ചിത്രമാണ് മോശമായ രീതിയിൽ പ്രചരിക്കുന്നതെന്നും പരാതി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും നീതി ലഭിക്കുന്നില്ലെന്ന് അധ്യാപിക. സംഭവത്തിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ഉന്നതരുടെ പിൻതുണ ലഭിക്കുന്നതിനാലാണ് പരാതി എവിടെയുമെത്താതെ പോയതെന്നും അധ്യാപിക.
മാർത്തോമ്മ സഭയുടെ സൗഹൃദ കൂട്ടായ്മ ഗ്രൂപ്പുകളിലാണ് വൈദികനുമൊത്തുള്ള ചിത്രം വ്യാപകമായി പ്രചരിപ്പിച്ചത്. മാർത്തോമ സഭക്കാരായ മൂന്ന് പേർക്കെതിരെ ചിത്രം പ്രചരിപ്പിച്ചതിന് ആദ്യം പൊലീസിൽ പരാതി നൽകി. അടൂർ പൊലീസ് സ്റ്റേഷനിൽ ആരോപണ വിധേയരെ സിഐ വിളിച്ചുവരുത്തി. അതിനു ശേഷം ആദ്യം ചിത്രം പ്രചരിച്ച വാട്സ്അപ് ഗ്രൂപ്പിൽ മാപ്പ് എഴുതിയിടാൻ ആവശ്യപ്പെട്ട് പരാതി ഒത്തുതീർപ്പാക്കി.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഫേസ്ബുക്ക് പേജുകളിൽ വ്യക്തിവിവരങ്ങൾ ഉൾപ്പെടെ പരസ്യമാക്കി വീണ്ടും ചിത്രം പ്രചരിപ്പിച്ചെന്നാണ് ആക്ഷേപം. സഭയ്ക്ക് കീഴിലെ ഒരു പള്ളിയിൽ ചില തർക്കങ്ങളുണ്ട്. അതിന്റെ ബാക്കിപത്രമാണ് സൈബർ ആക്രമണമെന്നും അധ്യാപിക പറയുന്നു. സംഭത്തിൽ ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുകയാണ് അധ്യാപിക. ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കോടതിയെ സമീപിച്ചത്. ഇവിടെ നിന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അധ്യാപിക പറഞ്ഞു.