കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് അവസാനിപ്പിക്കാൻ ഹൈക്കോടതിയുടെ തീരുമാനം. ഇരുവരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് കൗൺസിലിങ്ങിനു ശേഷം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.ഗാർഹിക പീഡനക്കേസിലെ പ്രതിയായ രാഹുലും ഭാര്യയും
ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കൗൺസിലറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഇരുവർക്കുമെതിരെയുള്ള കേസ് അവസാനിപ്പിക്കുമെന്നും കോടതി വ്യക്തമാക്കി. ആരോപണങ്ങള്‍ ഗുരുതരമാണെങ്കിലും ഇരുവരും കോടതി തടസമാണെങ്കിലും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചാൽ കോടതി തടസം നിൽക്കില്ലെന്നു ജസ്റ്റിസ് എ. ബദറുദീൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ജർമനിയിൽനിന്നു തിരിച്ചെത്തിയ രാഹുലും ഭാര്യയും ഇന്നു കോടതിയിൽ ഹാജരായിരുന്നു. ഇരുവരെയും ഒറ്റയ്ക്കും ഒരുമിച്ചും വിളിച്ചു ജസ്റ്റിസ് ബദറുദീൻ സംസാരിച്ചു. തന്നെ മർദിച്ചിട്ടില്ലെന്നും കുടുംബത്തിന്റെ നിർബന്ധത്തിനു വഴങ്ങിയാണു പരാതി നൽകിയതെന്നും യുവതി പറഞ്ഞു. കേസ് അവസാനിപ്പിക്കാൻ നൽകിയ ഹർജി ആരുടെയെങ്കിലും നിർബന്ധത്തിലാണോയെന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു യുവതിയുടെ മറുപടി.
ഇതിനിടെ, പബ്ലിക് പ്രോസിക്യൂട്ടർ കേസിന്റെ ഗുരുതര സ്വഭാവം ചൂണ്ടിക്കാട്ടി. ഇരുവരും ഒരുമിച്ചു ജീവിക്കുന്നതിനെ എതിർക്കുന്നില്ലെങ്കിലും പ്രതിയായ രാഹുൽ ചെയ്തിരിക്കുന്നത് ഗുരുതര കുറ്റകൃത്യമാണെന്ന് അദ്ദേഹം പറഞ്ഞു. വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങൾക്കു പുറമെ രാജ്യത്തെ നിയമവ്യവസ്ഥയെ വെട്ടിച്ചു വിദേശത്തേക്കു കടന്നയാളാണു പ്രതിയെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
അടുത്തയാഴ്ച ഇരുവരെയും കൗൺസലിങ്ങിനു വിധേയരാക്കിയ ശേഷം ഈ മാസം 21ന് റിപ്പോർട്ട് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിക്കണമെന്നും അതിനുശേഷം നടപടികൾ അവസാനിപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.
ഏതാനും മാസങ്ങൾക്കു മുൻപാണ് സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചതായും ബാറ്ററി കേബിൾ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും കാണിച്ച് യുവതിയും കുടുംബവും രംഗത്തെത്തിയത്. പിന്നീട് താൻ നുണ പറയുകയായിരുന്നെന്ന് കാണിച്ച് യുവതി സമൂഹ മാധ്യമത്തിലൂടെ അറിയിക്കുകയും ചെയ്തു.