72 ദിവസത്തെ കാത്തിരിപ്പിനു വിരാമമിട്ട് അർജുൻ മടങ്ങിയെത്തി ഒരായുസിന്റെ തീരാനൊമ്പരം സമ്മാനിച്ച്. ഷിരൂരിലെ ഗംഗാവലി പുഴയിലേക്ക് മണ്ണിടിഞ്ഞു വീണ് ലോറിയോടൊപ്പം കാണാതായി മരിച്ച അർജുന്റെ മൃതദേഹം വീട്ടിലെത്തിച്ചു. പതിവായി ലോറിയുമായി യാത്ര ചെയ്തിരുന്ന അതേവഴിയിലൂടെയായിരുന്നു അന്ത്യയാത്രയും. അർജുനനു ആദരാഞ്ജലി അർപ്പിക്കാൻ ഇതുവരെ കണ്ടിട്ടില്ലാത്ത സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള ജനസാഗരം തന്നെയെത്തിയിട്ടുണ്ട്.
അർജുന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടക്കും. ജില്ലാ അതിർത്തിയായ അഴിയൂരിൽ സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി എ.കെ.ശശീന്ദ്രൻ മൃതദേഹം ഏറ്റുവാങ്ങി. കണ്ണാടിക്കലിലെ വീട്ടിൽ നടത്തുന്ന സംസ്കാര ചടങ്ങുകളിൽ അദ്ദേഹം പങ്കെടുക്കും.
അർജുനെ കണ്ടെത്താനും തിരച്ചിൽ ഊർജിതമാക്കാനുമായി രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിലാപയാത്ര സംഘടിപ്പിക്കും. പൊതുജനങ്ങളും മോട്ടർ വാഹന തൊഴിലാളികളും ഉടമകളും വിലാപയാത്രയിൽ പങ്കെടുക്കും. തുടർന്ന് വീട്ടിൽ പൊതുദർശനത്തിനു ശേഷമാകും സംസ്കാരം.
ഡിഎൻഎ ടെസ്റ്റ് പൂർത്തിയാക്കിയ മൃതദേഹവും വഹിച്ച് ആം ബുലൻസ് ഇന്നലെ വൈകിട്ട് 7.15ന് കാർവാറിലെ ആശുപത്രിയിൽനിന്ന് കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ടിരുന്നു. കാർവാർ എംഎൽഎയും മൃതദഹത്തെ അനുഗമിച്ചിരുന്നു.