കൊച്ചി: ലൈംഗികാതിക്രമ കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചെന്ന് അറിഞ്ഞതിന് തൊട്ടുപിന്നാലെ നടൻ സിദ്ധിഖ് ഒളിവിൽ പോയെന്ന് റിപ്പോർട്ട്. വിധി വന്നതിനുശേഷം കൊച്ചിയിലെ ഹോട്ടലിൽ നിന്നും സ്വന്തം കാർ ഒഴിവാക്കി സുഹൃത്തുക്കളുടെ കാറിൽ സിദ്ദിഖ് ഒളിവിൽ പോവുകയായിരുന്നു. അതേ സമയം സിദ്ധിഖ് കേരളം വിട്ടിട്ടില്ലെന്നും സൂചനയുണ്ട്. അതോടൊപ്പം ഒളിവിൽ കഴിഞ്ഞുകൊണ്ട് സുപ്രിം കോടതിയിൽ നിന്ന് ജാമ്യം നേടാനുള്ള ശ്രമത്തിലാണിപ്പോൾ. മുൻകൂർ ജാമ്യം ലഭിച്ച ശേഷം കീഴടങ്ങനുള്ള ശ്രമഭാഗമാണ് ഈ ഒളിവിൽ പോക്കെന്ന സംശയവുമുണ്ട്.
ഇന്നലെ സിദ്ധിഖിന് ജാമ്യം ലഭിക്കുമെന്ന വിശ്വാസത്തിൽ വേണ്ടത്ര കരുതലെടുക്കുവാൻ അന്വേഷണ സംഘം ശ്രമിക്കാഞ്ഞതും സിദ്ധിഖിന് ഈസിയായി ഒളിവിൽ പോകാനുള്ള അവസരമായി.
സിദ്ധിഖ് ഒളിവിൽ പോയി ഒരു പകലും രാത്രിയും പിന്നിടുമ്പോൾ തിരുവനന്തപുരത്തു നിന്നുള്ള അന്വേഷണസംഘം കൊച്ചിയിൽ പരിശോധന തുടരുകയാണ്. കൊച്ചിയിലും ആലുവയിലും പ്രത്യേക ടീമുകളും അന്വേഷണം നടത്തുന്നുണ്ട്. സിദ്ദിഖിനെ ആരെങ്കിലും സംരക്ഷിച്ചാൽ അവർക്കെതിരെ കേസെടുക്കാനുള്ള നിർദേശവുമുണ്ട്. കൂടാതെ പരിശോധനയുടെ വിവരങ്ങൾ ചോരുന്നുണ്ടോയെന്ന് അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്..
അതിനിടെ, സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അഞ്ചുവർഷക്കാലം സർക്കാർ നടപടി സ്വീകരിക്കാത്തത് നിഗൂഢമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 2019-ൽ റിപ്പോർട്ട് ലഭിച്ചിട്ടും വിശദീകരിക്കാൻ ബുദ്ധിമുട്ടുള്ള മൗനമാണ് സർക്കാർ സ്വീകരിച്ചതെന്ന് കോടതി പറഞ്ഞു. റിപ്പോർട്ട് അലമാരയിൽവെച്ചതിന്റെ ശരിതെറ്റുകളും ഇപ്പോൾ സ്വീകരിക്കുന്ന നടപടികളും ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് പരിശോധിക്കുന്നുണ്ട്. അതിനാൽ കൂടുതൽ പറയുന്നില്ല. -കോടതി പറഞ്ഞു.
യുവ നടിയുടെ പരാതിയിൽ ബലാൽസംഗം (ഐപിസി 376), ഭീഷണിപ്പെടുത്തൽ (506) എന്നീ വകുപ്പുകൾ പ്രകാരമാണു മ്യൂസിയം പൊലീസ് കേസെടുത്തത്. 2016 ജനുവരിയിലാണ് തിരുവനന്തപുരത്തെ ഹോട്ടലിൽ പീഡനത്തിനിരയായതെന്നു നടി പൊലീസിനോടു വെളിപ്പെടുത്തിയത്. സിദ്ദിഖ് അഭിനയിച്ച ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യു തിരുവനന്തപുരത്തെ തിയറ്ററിൽ പ്രദർശിപ്പിച്ചപ്പോഴാണ് അദ്ദേഹത്തെ കണ്ടതെന്നായിരുന്നു മൊഴി. പിന്നീട് നടത്തിയ അന്വേഷണത്തിൽ നടി പറഞ്ഞ സമയത്ത് അവിടെ സിദ്ധിഖ് ഉണ്ടായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അതോടെ സാഹചര്യ തെളിവുകൾ സിദ്ധിഖിന് എതിരാവുകയായിരുന്നു.