തിരുവനന്തപുരം: പിവി അൻവറിന്റെ ആരോപണം തുടങ്ങി വിഡി സതീശനിൽ എത്തി നിൽകുമ്പോഴും തന്റെ വിശ്വസ്തനെ കൈവിടാതിരിക്കാൻ ശ്രമിച്ചുവെങ്കിലും ഒടുവിൽ ആർഎസ്എസ്-എഡിജിപി കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി. തൃശൂർ പൂരത്തിനിടെ എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന പ്രതിപക്ഷ നേതാവിന്റെ വെളിപ്പെടുത്തൽ ഏറെ കോലാഹലങ്ങൾക്കു വഴിവച്ചിരുന്നു. ഒടുവിൽ ആരോപണം ഉന്നയിക്കപ്പെട്ട് 20-ാം ദിവസം ഡിജിപിക്ക് അന്വേഷണത്തിന് നിർദേശം നൽകി സർക്കാർ ഉത്തരവിറക്കി.
രണ്ടു പ്രമുഖ ആർഎസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചാണ് അന്വേഷണം നടക്കുക. എഡിജിപിക്കൊപ്പം നേതാക്കളെ കണ്ടവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. മുന്നണിയോഗത്തിൽ മുഖ്യമന്ത്രി അന്വേഷണം പറഞ്ഞിട്ടും ഉത്തരവിറക്കിയിരുന്നില്ല. കഴിഞ്ഞ ദിവസം കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ഉൾപ്പടെ തള്ളിയ മുഖ്യമന്ത്രി എഡിജിപിക്കെതിരെ ഇപ്പോൾ നടപടിയില്ലെന്നും അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷം നടപടി സ്വീകരിക്കുമെന്നുമാണ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നത്.
മാത്രമല്ല, പിവി അൻവർ എംഎൽഎയെ തള്ളിപ്പറഞ്ഞപ്പോഴും എഡിജിപിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു എടുത്തത്. കൂടാതെ തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി സമർപ്പിച്ച റിപ്പോർട്ടിലെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ടുള്ള കത്തും വച്ചായിരുന്നു ഡിജിപി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. അതോടൊപ്പം സിപിഐ അടക്കമുള്ളവർ എഡിജിപിക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പൊലീസ് ഇടപെട്ട് തൃശൂർ പൂരം കലക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം. അതിനായി ആർഎസ്എസ് ക്യാംപിൽ പങ്കെടുക്കാനെത്തിയ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാർ കൂടിക്കാഴ്ച നടത്തി. ഇതിനായി എഡിജിപിയെ അയച്ചത് മുഖ്യമന്ത്രിയാണ്. തൃശൂരിൽ ബിജെപി ജയിച്ചതും മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.