കൊച്ചി: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം പൊതുദർശനത്തിനു വച്ചതിനിടെ തന്നെയും അമ്മ ആശ ലോറൻസിനേയും മർദ്ദച്ചെന്ന പരാതിയുമായി ലോറൻസിന്റെ കൊച്ചുമകൻ മിലൻ. സിപിഎം പ്രവർത്തകർ മർദ്ദിച്ചെന്നു കാണിച്ച് കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്കാണു പരാതി നൽകിയിരിക്കുന്നത്.
എറണാകുളം ടൗൺഹാളിലെ പൊതുദർശനത്തിനിടെ തന്നെയും അമ്മ ആശ ലോറൻസിനെയും സിപിഎം പ്രവർത്തകർ മർദിച്ചെന്നാണ് മിലൻ പരാതിയിൽ പറയുന്നു.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കാണ് മുതിർന്ന സിപിഎം നേതാവ് എം.എം. ലോറൻസ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം പഠനാവശ്യത്തിനായി മെഡിക്കൽ കോളേജിന് വിട്ടുകൊടുക്കുമെന്ന് മകൻ അഡ്വ. എം.എൽ. സജീവനും മകൾ സുജാത ബോബനും അറിയിച്ചിരുന്നു. എന്നാൽ, മൃതദേഹം ക്രൈസ്തവ ആചാരപ്രകാരം പള്ളിയിൽ സംസ്കരിക്കണമെന്ന ആവശ്യവുമായി മറ്റൊരു മകളായ ആശ ലോറൻസ് രംഗത്തെത്തിയതാണ് തർക്കത്തിനു കാരണമായത്. പിന്നീട് പ്രശ്നം ഹൈക്കോടതിയുടെ മുന്നിലത്തുകയായിരുന്നു.
ആശയുടെ ഹർജിയിൽ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മൂന്നു മക്കളുടെയും വാദം കേട്ട ശേഷം അനാട്ടമി ആക്ട് പ്രകാരം തീരുമാനമെടുക്കണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.
എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിനുവച്ച മൃതദേഹ പേടകത്തിൽ കെട്ടിപ്പിടിച്ച് കരയുകയും മുദ്രാവാക്യം വിളിക്കയും ചെയ്യുകയായിരുന്നു. തുടർന്ന് മൃതദേഹത്തിനരികിൽ നിന്ന് ബലം പ്രയോഗിച്ച് മാറ്റാൻ ശ്രമിക്കുന്നതിനിടെ ഇരുവരും നിലത്തുവീഴുകയായിരുന്നു. ഈ സംഭവത്തിലാണ് മിലൻ പരാതി നൽകിയിരിക്കുന്നത്.
കോടതി ഉത്തരവ് പ്രകാരം നിലവിൽ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പഠനത്തിന് വിട്ടുനൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പ്രതാപ് സോമനാഥന്റെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ലോറൻസിന്റെ മക്കളോട് ഇന്ന് കമ്മിറ്റി മുമ്പാകെ കാര്യങ്ങൾ വിശദീകരിക്കണമെന്നാണ് അറിയിച്ചിട്ടുള്ളത്. തന്റെ പിതാവിന്റെ വിവാഹം പള്ളിയിൽ വച്ചായിരുന്നു. അതുപോലെ അമ്മയുടെ മൃതദേഹം സംസ്കരിച്ചത് പളളിയിലായിരുന്നു എന്നുമാണ് ആശ ലോറൻസിന്റെ വാദം. എന്നാൽ, പിതാവിന്റെ ആഗ്രഹപ്രകാരമാണ് മൃതദേഹം മെഡിക്കൽ കോളേജിന് നൽകുന്നതെന്നാണ് മകൻ സജീവനും മകൾ സുജാതയും പറയുന്നു. ലോറൻസ് മരിക്കുന്നതിനു മുൻപ് തന്നെ ആശയുമായി അഭിപ്രായ വ്യത്യാസമുണ്ടാവുകയും പിന്നീട് മാധ്യമങ്ങൾക്കു മുന്നിൽ വച്ചുതന്നെ മകളെ തള്ളിപ്പറയുകയും ചെയ്തിരുന്നു.