തിരുവനന്തപുരം/ തിരുവല്ല∙ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാരിനു യാഥൊരുവിധ റോളുമില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫിസർ (എസ്പിഐഒ) ആണ് റിപ്പോർട്ട് പുറത്തുവിടേണ്ടത്. റിപ്പോർട്ട് പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്ന് അവരോട് ചോദിക്കണം. ഇക്കാര്യത്തിൽ വെപ്രാളം എന്തിനാണെന്നും മന്ത്രി. മാത്രമല്ല, റിപ്പോർട്ട്പുറത്തുവിടുന്നതിനോടു സർക്കാർ യോജിക്കുകയാണു ചെയ്തതെന്നും സജി ചെറിയാൻ പറഞ്ഞു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരേ നടി രഞ്ജിനി നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളുമെന്നാണ് പ്രതീക്ഷയെന്ന് സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ പി. സതീദേവി പറഞ്ഞു. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ നിലവില്‍ യാതൊരു തടസവുമില്ലെന്നും സതീദേവി.
റിപ്പോര്‍ട്ട് പുറത്തുവരേണ്ടത് മലയാള സിനിമയുടെ മാത്രമല്ല, പൊതു സമൂഹത്തിന്റെ കൂടെ ആവശ്യമാണ്. ഇത് അയല്‍ സംസ്ഥാനങ്ങളിലെ സിനിമാ മേഖലയ്ക്കും പ്രചോദനമാകട്ടെയെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു.
സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ രൂപീകരിച്ച ജസ്റ്റീസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ലെന്ന് അറിയിച്ച പശ്ചാത്തലത്തിലായിരുന്നു പ്രതികരണങ്ങൾ. ഹർജിയുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച കോടതി കേസ് പരിഗണിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് സാംസ്കാരിക വകുപ്പ് അറിയിച്ചു.