ബീഹാർ: ബിഹാർ ഭഗൽപൂർ ജില്ലയിലെ സുൽത്താൻപൂരിൽ അഗ്വാനി പാലത്തിൻ്റെ ഒൻപതാം നമ്പർ തൂണും സ്ലാബും ഗംഗാ നദിയിലേക്ക് വീണു. നിർമാണത്തിലിരിക്കുന്ന പാലം ശനിയാഴ്ച രാവിലെയാണ് തകർന്ന് വീണത്. കഴിഞ്ഞ 11 വർഷമായി നിർമാണത്തിലിരിക്കുന്ന ഈ പാലം ഇതുവരെ മൂന്ന് തവണ തകർന്നുവീണത്. 17,000 കോടി രൂപയാണ് പാലത്തിൻ്റെ നിർമാണ ചെലവ് കണക്കാക്കിയിരിക്കുന്നത്.
ഗംഗാനദിയിലെ വെള്ളപ്പൊക്കവും ശക്തമായ ഒഴുക്കും കാരണം ഒമ്പതാം നമ്പർ തൂണിന് മുകളിലുള്ള ഘടനയുടെ ഒരു ഭാഗം പെട്ടെന്ന് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. പാലം തകരുന്നത് നാട്ടുകാരിൽ ചിലർ ക്യാമറയിൽ പകർത്തി. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
നേരത്തെ സുൽത്താൻപൂരിൽ പാലം തകർന്നിരുന്നു. 2022 ഏപ്രിൽ 30-ന് രാത്രി ശക്തമായ കാറ്റിൽ അഞ്ചാം നമ്പർ തൂണ് പുഴയിലേക്ക് പതിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ജൂൺ 4 നാണ് ഖഗാരിയയിലെ സുൽത്താൻപൂരിൽ നിന്ന് അഗ്വാനി ഗംഗാ ഘട്ടിലേക്കുള്ള നിർമാണത്തിലിരിക്കുന്ന പാലത്തിൻ്റെ 10, 11, 12 നമ്പർ തൂണുകൾ നദിയിലേക്ക് തകർന്നുവീണത്.