ന്യൂഡൽഹി: കൊൽക്കത്തയിൽ ട്രെയ്നി ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിനെതിരെ പ്രതിഷേധിക്കുന്ന ഡോക്ടർമാരോടും മെഡിക്കൽ വിദ്യാർഥികളോടും ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കും. ഇതിൽ സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ ഉൾപെടെ പങ്കിടാൻ സാധിക്കും.
ഫെഡറേഷൻ ഓഫ് റസിഡൻ്റ് ഡോക്ടേഴ്സ് അസോസിയേഷൻ (ഫോർഡ), ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ), ഡൽഹിയിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെയും ആശുപത്രികളിലെയും റസിഡൻ്റ് ഡോക്ടേഴ്സ് അസോസിയേഷനുകളുടെ പ്രതിനിധികൾ എന്നിവർ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
വർദ്ധിച്ചുവരുന്ന ഡെങ്കിപ്പനി, മലേറിയ കേസുകൾ കണക്കിലെടുത്ത് സമരം ചെയ്യുന്ന ഡോക്ടർമാരോട് അവരുടെ ജോലി പുന:രാരംഭിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. അതേ സമയം 24 മണിക്കൂർ ഡോക്ടർമാരുടെ സമരം രോഗികളെ വലച്ചു. മിക്ക ഹോസ്പിറ്റലുകളിലും മുൻകൂട്ടി നിശ്ചയിച്ചിരുന്ന ഓപ്പറേഷനുകൾ മറ്റു ദിവസങ്ങളിലേക്ക് മാറ്റുകയും ചെയ്തു.