മലപ്പുറം: ഏവരും ഉറ്റുനോക്കുന്ന പി.വി. അൻവര്‍ എംഎംല്‍എയുടെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് നിലമ്പൂരിൽ നടക്കും. ചന്തക്കുന്നില്‍ വൈകുന്നേരം 6.30 നാണ് യോഗം. യോഗത്തിൽ തന്റെ മുന്നോട്ടുള്ള രാഷ്ട്രീയ നീക്കം എങ്ങനെയാണെന്നു അൻവർ വിശദീകരിക്കുമെന്നാണ് പ്രതീക്ഷ. യോഗത്തിന്റെ മുന്നോടിയായി അൻവർ സമൂഹമാധ്യമത്തിലൂടെ ക്യാംപെയ്നിങ് നടത്തിയിരുന്നു. അന്ന് തന്നെ സപ്പോർട്ട് ചെയ്തവർ ഇന്നു നടക്കുന്ന യോഗത്തിലും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതോടൊപ്പം സോഷ്യൽ മീഡിയയിലൂടെ ഇപ്പോഴുള്ള വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട് എന്നതിനാൽ തന്നെ അൻവറിന്റെ ആത്മവിശ്വാസം കൂടിയിട്ടുണ്ട്.
ഇന്നു നടക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും സിപിഎമ്മിനുമെതിരേ ശക്തമായ ആരോപണങ്ങള്‍ അന്‍വര്‍ ഉയര്‍ത്തുമെന്നാണ് സൂചന. മാത്രമല്ല സിപിഎം പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
എങ്കിലും പരമാവധി ആളുകളെ പങ്കെടുപ്പിച്ച് പാര്‍ട്ടിക്ക് മുന്നില്‍ ശക്തി തെളിയിക്കാന്‍ തന്നെയാകും അന്‍വര്‍ മുതിരുക. നിലമ്പൂരിന് പുറത്തുനിന്നും നിരവധി പേര് പൊതുയോഗത്തിനെത്തുമെന്നാണ് കണക്കുകൂട്ടല്‍. അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാന്‍ പോലീസും ജാഗ്രതയിലാണ്.
നിലമ്പൂരിൽ പൊതുസമ്മേളനം വിളിക്കുമെന്ന് കഴിഞ്ഞദിവസം അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. തുടർന്നുള്ള നീക്കം ജനങ്ങളെ യോഗത്തിൽ ധരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം പുതിയ പാർട്ടി പ്രഖ്യാപന സാധ്യതയും അൻവർ തള്ളിയിട്ടില്ല.