കോട്ടയം: പോലീസ് ഉദ്യോഗസ്ഥരുടെയടക്കം ഫോൺ ചോർത്തിയെന്ന പരാതിയിൽ പി.വി. അൻവർ എംഎൽഎയ്ക്കെതിരെ കേസ്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയതിനും ദൃശ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതുവഴി കലാപത്തിന് ശ്രമിച്ചു എന്നാണ് കേസ്. കോട്ടയം നെടുംകുന്നം സ്വദേശി തോമസ് പീലിയാനിക്കൽ നൽകിയ പരാതിയിൽ കറുകച്ചാൽ പോലീസാണ് കേസെടുത്തിരിക്കുന്നത്.
എന്നാൽ പിവി അൻവറും ആരോപണവിധേയനായ എഡിജിപി അജിത് കുമാറും ആരുടേയും ഫോൺ വിവരങ്ങൾ ചോർത്തിയിട്ടില്ലയെന്ന നിലപാടാണ് സർക്കാർ നേരത്തെ കൈക്കൊണ്ടത്. ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട വിഷയത്തിൽ എന്തൊക്കെ നടപടികളെടുന്നുവെന്ന ഗവർണർ ആരിഫ് മുഹമദിന്റെ ചോദ്യങ്ങൾക്ക് അങ്ങനെ സംഭവിച്ചിട്ടില്ലായെന്ന റിപ്പോർട്ടാണ് നല്കിയത്.
ഫോൺ ചോർത്തൽ വെളിപ്പെടുത്തലുണ്ടായ ഉടനെതന്നെ തോമസ് പീലിയാനിക്കൽ പോലീസ് മേധാവിയ്ക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. തുടർന്ന്, കറുകച്ചാൽ സ്റ്റേഷനിലെത്തി അദ്ദേഹം മൊഴിയും നൽകി. ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കാൻ അൻവർ ശ്രമിച്ചുവെന്നാണ് ആരോപണം. സ്വകാര്യതയേയും ദേശസുരക്ഷയേയും ബാധിക്കുന്നതാണ് അൻവറിന്റെ നടപടിയെന്നും പരാതിയിൽ പറയുന്നു. ഈ പരാതിയിന്മേലാണ് അൻവർ പാർട്ടിയിൽ നിന്ന് പുറത്തുപോയി ഇന്ന് നിലമ്പൂർ തന്റെ രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചു ചേർത്ത സമയത്ത് പോലീസ് കേസെടുത്ത് നടപടികളുമായി മുന്നോട്ട് പോകുന്നത്.
നിയമപരമായ യാഥൊരനുമതിയില്ലാതെ ഫോൺ ചോർത്തിയത് ഗൗരവതരമായ നടപടിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ പറഞ്ഞിരുന്നു.