പാലക്കാട്: പാലക്കാട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി നടത്തിയ പരിപാടിക്കിടെ പിവി അൻവറിനോട് സംസാരിച്ച മാധ്യമ പ്രവർത്തകർക്കു നേരെ കൈയ്യേറ്റ ശ്രമം. വ്യാപാരി വ്യവസായി ഏകോപനസമിതി അലനല്ലൂർ യൂണിറ്റ് സംഘടിപ്പിച്ച വ്യാപാരോത്സവത്തിന്റെ ഭാഗമായ നറുക്കെടുപ്പ് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അൻവർ. ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട് അൻവറിനെതിരേ കേസെടുത്ത കാര്യത്തിൽ അൻവറിനോട് ചോദ്യം ചോദിക്കുന്നതിനിടെയായിരുന്നു സംഭവം.
അൻവർ മാധ്യമപ്രവർത്തകരോട് സംസാരിച്ചതിനു പിന്നാലെ ചിലർ ഇവരെ മർദിക്കുകയായിരുന്നു. തുടർന്ന്പ്രാദേശിക മാധ്യമപ്രവർത്തകന്റെ കഴുത്തിൽ കയിറിപ്പിടിക്കുകയും തള്ളുകയും ചെയ്തു. ആരാണ് അതിക്രമം കാട്ടിയതെന്ന് വ്യക്തമായിട്ടില്ല. പിന്നീട് പോലീസ് ഇടപെടുകയും അതിക്രമം കാട്ടിയവരെ നീക്കുകയുമായിരുന്നു.
കൂടാതെ അക്രമികൾ പ്രാദേശിക മാധ്യമപ്രവർത്തകന്റെ മുഖത്തടിക്കുകയും വയറ്റിൽ ചവിട്ടുകയും ചെയ്തു. വ്യാപാരികളുമായി ബന്ധപ്പെട്ട ആളുകളല്ല അതിക്രമം കാട്ടിയതെന്ന് സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി.