തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുന:രധിവാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 1,000 ചുരശ്ര അടിയില്‍ ഒറ്റനില വീടാണ് നിര്‍മിച്ചു നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്. സര്‍വകക്ഷി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഭാവിയില്‍ രണ്ടാമത്തെ നിലകൂടി നിര്‍മിക്കാന്‍ പറ്റുന്ന രീതിയിലാകും അടിത്തറ പണിയുകയെന്നും അദ്ദേഹം അറിയിച്ചു. വീടുകള്‍ ഒരേ രീതിയിലാകും നിര്‍മിക്കുക. ഗുണനിലവാരം ഉറപ്പുവരുത്തും.
വയനാട് കൂടാതെ വിലങ്ങാടിലെ ദുരന്തബാധിതര്‍ക്കും പുന:രധിവാസം ഉറപ്പാക്കും. വിലങ്ങാട് മനുഷ്യ ജീവന് നഷ്ടപ്പെടാതിരുന്നത് സാമൂഹിക ഇടപെടല്‍ കൊണ്ട് കൂടിയാണ്. ഇനിയും അത്തരത്തില്‍ ദുരന്ത മേഖലയില്‍ ഇടപെടാന്‍ ആവശ്യമായ ബോധവല്‍ക്കരണ സംവിധാനം ഒരുക്കും. പുനര:ധിവാസ സ്ഥലത്ത് ആവശ്യമായ പൊതുവായ ക്രമീകരണങ്ങള്‍ ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീട് നഷ്ടപ്പെട്ടവര്‍ക്കാണ് പുന:രധിവാസത്തില് പ്രഥമ പരിഗണന. മാറി താമസിക്കേണ്ടി വന്നവരെ രണ്ടാംഘട്ടത്തില്‍ പരിഗണിക്കും. പുന:രധിവാസ പാക്കേജില്‍ ജീവനോപാധി ഉറപ്പാക്കും. തൊഴിലെടുക്കാന്‍ കഴിയുന്ന പരമാവധി പേര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തും. എല്ലാ സ്ത്രീകള്‍ക്കും അവര്‍ക്ക് താത്പര്യമുള്ള തൊഴിലില്‍ ഏര്‍പ്പെടുന്നതിന് ആവശ്യമായ പരിശീലനവും ഇതോടൊപ്പം നല്‍കും. വാടക കെട്ടിടങ്ങളില്‍ കച്ചവടം നടത്തുന്നവരെ കൂടി പുന:രധിവാസത്തിന്റെ ഭാഗമായി സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു