The woman was arrested for extortion of money
ചവറ: തന്റെ ബിസിനസുകളില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനംചെയ്ത് ദമ്പതികളിൽ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ യുവതി പോലീസ് പിടിയിൽ. ചവറ മേനാമ്പള്ളി സ്വദേശികളായ ദമ്പതികൾ നൽകിയ പരാതിയിൽ ചവറ, മുകുന്ദപുരം മേനാമ്പള്ളി സരിത ഭവനില്‍ സരിത(39)യെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്.
ചവറ മേനാമ്പള്ളി സ്വദേശിനിയായ വീട്ടമ്മയേയും ഭര്‍ത്താവിനെയുമാണ് പറ്റിച്ച് ഇവർ പണം തട്ടിയത്. സൂപ്പര്‍മാര്‍ക്കറ്റ് ബിസിനസില്‍ പങ്കാളിയാക്കാമെന്നും ലാഭവിഹിതം വാങ്ങി നല്‍കാമെന്നും ഇവര്‍ പരാതിക്കാരോട് പറഞ്ഞിരുന്നു. കൂടാതെ സരിതയുടെ പേരില്‍ മത്സ്യബന്ധന ബോട്ട് ഉണ്ടെന്നും അതില്‍ പങ്കാളിയാക്കാമെന്നും വാഗ്ദാനം നല്കി പലപ്പോഴായി 34,70,000 രൂപ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.
പണം നല്‍കിയിട്ടും വാഗ്ദാനംചെയ്ത ലാഭവിഹിതം കിട്ടാതായതിനെത്തുടര്‍ന്ന് പണം തിരികെ ചോദിക്കാനായി സരിതയുടെ വീട്ടില്‍ച്ചെന്ന വീട്ടമ്മയേയും ഭര്‍ത്താവിനെയും സരിതയും ഭര്‍ത്താവും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇവര്‍ ചവറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ സരിത സ്ഥിരം തട്ടിപ്പുകാരിയാണെന്നും ഒട്ടേറെ ആളുകളെ വഞ്ചിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
കരുനാഗപ്പള്ളി എസിപി വി.എസ്.പ്രദീപ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ചവറ പോലീസ് ഇന്‍സ്പെക്ടര്‍ കെ.ആര്.ബിജു, എസ്ഐ ഗോപാലകൃഷ്ണന്, എഎസ്ഐ മിനിമോള്‍, എസ് സിപിഒമാരായ രഞ്ജിത്ത്, മനീഷ്, അനില്‍ എന്നിവരടങ്ങിയ സംഘമാണ് സരിതയെ അറസ്റ്റ് ചെയ്തത്.