തിരുവനന്തപുരം: നടന് ജയസൂര്യയ്ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി തിരുവനന്തപുരം സ്വദേശിയായ യുവതിയും. 2013 ല്‍ തൊടുപുഴയിലെ സിനിമാസെറ്റില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം. കരമനയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പോലീസിന് കൈമാറും. ഇതോടെ ജയസൂര്യയ്ക്കെതിരെ പോലീസിൽ പരാതിപ്പെടുന്ന രണ്ടാമത്തെയാളാണിത്.
2008-ല്‍ ബാലചന്ദ്ര മേനോന് സംവിധാനംചെയ്ത ചിത്രത്തിന്റെ സെറ്റില്‍ വച്ച് ജയസൂര്യ കടന്നുപിടിച്ചതായി ആരോപിച്ച് മറ്റൊരു നടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിനിമയുടെ ഒരു ഭാഗം ചിത്രീകരിച്ചത് സെക്രട്ടേറിയറ്റിലായിരുന്നു. ഇവിടെ നടന്ന ഷൂട്ടിങ്ങിനിടെ നടന് ജയസൂര്യ മോശമായി പെരുമാറി എന്നാണ് നടിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ജയസൂര്യക്കെതിരെ കേസെടുത്തിരിക്കുന്നത്. സെക്രട്ടേറിയറ്റില്‍ നടന്ന സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരുടേയും മൊഴി കന്റോണ്‍മെന്റ് പോലീസ് രേഖപ്പെടുത്തും.
സിനിമാ ചിത്രീകരണത്തിനിടെ സെക്രട്ടേറിയറ്റ് ഇടനാഴിയില്‍വെച്ച് തന്നെ ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചെന്ന് കഴിഞ്ഞദിവസം നടി മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയിരുന്നു. കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് സെക്രട്ടേറിയറ്റും പരിസരവും. പരാതി നല്‍കിയതിന് പിന്നാലെ നടിയുടെ ആലുവയിലെ വീട്ടിലെത്തി പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജയസൂര്യക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
ജയസൂര്യ അടക്കം സിനിമാ മേഖലയിലെ ഏഴുപേര്‍ക്കെതിരെയാണ് നടി പരാതി നല്‍കിയിരിക്കുന്നത്. ജയസൂര്യക്കെതിരെ സെക്ഷന്‍ 354,354 എ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ജയസൂര്യക്കെതിരായ പീഡനക്കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും.