മുംബൈ: 2023 ലെ ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിങ്ങിന്റെ ഒരോവറിലെ അഞ്ച് സിക്സർ തകർത്തത് തങ്ങളുടെ ജീവിതമായിരുന്നെന്ന് യുവതാരം യഷ് ദയാലിന്റെ പിതാവ് ചന്ദർപാൽ ദയാൽ. വീടിനു മുന്നിലൂടെ പോകുന്ന സ്കൂൾ ബസിലിരുന്ന് കുട്ടികൾ റിങ്കു സിങ്ങിന്റെ പേരു പറഞ്ഞും അഞ്ച് സിക്സറിന്റെ കാര്യം പറഞ്ഞും കൂകിവിളിക്കുന്നതും പരിഹസിക്കുന്നതും സ്ഥിരം പരിപാടിയായിരുന്നു. സ്കൂൾ വിടുന്ന സമയത്ത് അലഹാബാദിലെ കർബാല മസ്ജിദിനു സമീപമുള്ള വീടിനു പുറത്തിറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ തന്റെ ഭാര്യ രോഗിയായി തീർന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് യഷ് ദയാലിനു വിളി വന്നതിനു പിന്നാലെയാണ് പിതാവ് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎലിലെയും ദുലീപ് ട്രോഫിയിലെയും മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് യഷിന് ടെസ്റ്റ് ക്രിക്കറ്റിലേക്ക് വിളി വന്നത്. ബംഗ്ലദേശിനെതിരെ ഈ മാസം 19ന് ആരംഭിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമിലാണ് സിലക്ടർമാർ യഷ് ദയാലിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ദുലീപ് ട്രോഫിയിൽ കഴിഞ്ഞ ദിവസം സമാപിച്ച മത്സരത്തിൽ ഇന്ത്യ ബിയ്ക്കായി ഇന്ത്യ എയ്ക്കെതിരെ നേടിയത് നാലു വിക്കറ്റാണ്.
അന്നത്തെ മത്സരത്തോടെ യഷ് ദയാലിന്റെ മാതാവ് രാധ രോഗിയായി മാറി. ഭക്ഷണം കഴിക്കാൻ പോലും വിസമ്മതിച്ചതോടെ ആരോഗ്യനില തകരാറിലായി. അവർ പതുക്കെപ്പതുക്കെ വിഷാദത്തിലേക്കു വഴുതിത്തുടങ്ങിയെന്നും ചന്ദർപാൽ പറഞ്ഞു. അന്നത്തെ സംഭവം യഷിനേയും തകർത്തു. ദിവസങ്ങളോളം ആരോടും സംസാരിച്ചില്ല. ഓർമകൾ യഷിനെ ഏറെക്കാലം വേട്ടയാടിയെന്നും അദ്ദേഹം പറഞ്ഞു.
ആ മത്സരത്തിനു ശേഷം യഷ് പിന്നീട് അവസാന മത്സരത്തിൽ കളിച്ചെങ്കിലും സീസൺ അവസാനിച്ചതോടെ ഗുജറാത്ത് ടൈറ്റൻസ് യഷിനെ ഒഴിവാക്കി. ‘‘യഷും ഈ സംഭവത്തോടെ 10 ദിവസത്തോളം ചികിത്സയിലായിരുന്നു. അപ്രതീക്ഷിത തോൽവി യഷിനെ മാനസികമായും തകർത്തിരുന്നു. പക്ഷേ, ക്രിക്കറ്റ് ഉപേക്ഷിക്കുക എന്ന കടുത്ത തീരുമാനത്തിലേക്ക് അവൻ എത്തരുതെന്ന് ഞങ്ങൾക്കു നിർബന്ധമുണ്ടായിരുന്നു. അവൻ ഇന്ത്യൻ ടീമിൽ കളിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് അവന് ആത്മവിശ്വാസം പകരാൻ ഞങ്ങൾ ഒന്നിച്ചുനിന്ന് ശ്രമിച്ചു’ – ചന്ദർപാൽ പറഞ്ഞു.
ആ ഐപിഎൽ സീസണിനു ശേഷം പിന്നാലെ നടന്ന താരലേലത്തിൽ 5 കോടി രൂപയ്ക്കാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു യഷിനെ സ്വന്തമാക്കിയത്. ആ സീസണിൽ ഉടനീളം മികച്ച പ്രകടനം നടത്തിയ യഷ്, 14 മത്സരങ്ങളിൽനിന്ന് 15 വിക്കറ്റോടെ വൻ തിരിച്ചുവരവ് നടത്തി.