ലഖ്നൗ: ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന രണ്ടു വയസുകാരിയെ ചെന്നായ്ക്കൾ കടിച്ചുകൊന്നു. മഹാസിയിലെ നവ്നവ് ഗരേതി ഗ്രാമത്തിൽ അമ്മ മീനു ദേവിയോടൊപ്പം ഉറങ്ങുകയായിരുന്ന അഞ്ജലി (2) ആണ് കൊല്ലപ്പെട്ടത്. വീടിനു വാതിലില്ലാത്തതിനാൽ തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ വീടിനകത്തുകയറി കുട്ടിയെ ആക്രമിക്കുകയായിരുന്നു. തുടർന്ന് അഞ്ജലിയെ രണ്ട് കിലോമീറ്ററോളം വനത്തിലേക്ക് വലിച്ചിഴച്ചു. ഭാഗികമായി ഭക്ഷിച്ച കുട്ടിയുടെ മൃതദേഹം വനംവകുപ്പ് സംഘം ഡ്രോൺ സഹായത്തോടെ കണ്ടെത്തി.
ഇതോടെ കഴിഞ്ഞ ആറുമാസത്തിനിടെ ജില്ലയിൽ 10 പേർ നരഭോജി ചെന്നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയും 51 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
കുട്ടിയെ കൊണ്ടുപോകുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ്, ഹാർദിയിലെ ബരാബിഗഹ ഗ്രാമത്തിൽ വെച്ച് കമലാ ദേവി (60) യെയും ചെന്നായ്ക്കൾ ആക്രമിച്ചു. വനംവകുപ്പ് സംഘം കഴിഞ്ഞയാഴ്ച നാല് ചെന്നായ്ക്കളെ പിടികൂടുകയും രണ്ടെണ്ണം കൂടി കൂട്ടിലടയ്ക്കാനുണ്ടെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. “ഞങ്ങൾ ജോലിയിലാണ്. വന്യമൃഗങ്ങളെ പിടികൂടുന്നതിനായി നിരവധി വിദഗ്ധ സംഘങ്ങൾ രാപ്പകലില്ലാതെ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങൾ ഗ്രാമവാസികളോട് രാത്രി വീടിനുള്ളിൽ തന്നെ കഴിയാനും ഉറങ്ങാൻ പോകുന്നതിനു മുമ്പ് വാതിൽ പൂട്ടാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അജിത് പ്രതാപ് സിംഗ് പറഞ്ഞു. രണ്ട് ചെന്നായ്ക്കൾ മാത്രമാണ് ജനങ്ങളെ ആക്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ശനിയാഴ്ച രാത്രി ആക്രമിച്ച സംഘത്തിൽ കുറഞ്ഞത് നാലുപേരെങ്കിലും കണ്ടതായി ഗ്രാമവാസികൾ പറഞ്ഞു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിങ്കളാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. പരുക്കേറ്റവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാനും ചെന്നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് അടിയന്തര നഷ്ടപരിഹാരം ഉറപ്പാക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു.