തിരുവനന്തപുരം: പിവി അൻവറിന്റെ വിവാദ വെളിപ്പെടുത്തലുകൾക്കിടയിലും എഡിജിപി എം.ആർ. അജിത് കുമാർ പോലീസ് ആസ്ഥാനത്ത് തന്നെ. ഇന്ന് അതിഥി തൊഴിലാളികളെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച ഓൺലൈൻ യോഗത്തിലും എഡിജിപി പങ്കെടുത്തു. അൻവറിന്റെ വെളിപ്പെടുത്തലുകൾക്ക് വേണ്ട ഗൗരവം കൊടുക്കുമെന്ന് പറഞ്ഞ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
മാത്രമല്ല, പോലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരായ പി.വി. അൻവർ നടത്തിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിൻറെ തലവൻ ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബും ഇന്നത്തെ പരിപാടിയിൽ അജിത് കുമാറിനൊപ്പം പങ്കെടുത്തു. യോഗം കഴിഞ്ഞ് ഡിജിപിയും എഡിജിപിയും ഒരുമിച്ച് നടന്നുവരുന്ന വരുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
അരോപണ വിധേയനായ എഡിജിപിയെ മാറ്റിനിർത്തിയുള്ള ഒരു അന്വേഷണമുണ്ടാകുമെന്ന് നേരത്തേ പരാമർശിച്ചിരുന്നെങ്കിലും ഇതുവരെ അതിനു നീക്കുപോക്കുണ്ടായിട്ടില്ല. മാത്രമല്ല അജിത് കുമാറിനെതിരായ അന്വേഷണമെന്ന് ഇത് സംബന്ധിച്ച ഉത്തരവിൽ പരാമർശിച്ചിട്ടുമില്ല. ചില പോലീസുകാർക്കെതിരായ ആക്ഷേപങ്ങളും എം.ആർ. അജിത് കുമാർ നൽകിയ പരാതിയും പരിശോധിക്കണമെന്നാണ് ഉത്തരവിൽ നിർദേശിച്ചിട്ടുള്ളത്. അതിനാൽ തന്നെ ഇതുവരെ അജിത് കുമാറിനെതിരായ ആരോപണം പ്രത്യേകം അന്വേഷിക്കുമോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.