പാരീസ്: 2024 പാരീസ് ഒളിമ്പിക്സിൽ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് തൻ്റെ കേസ് പുനഃപരിശോധിക്കുന്നതിനായി സ്പോർട്സ് ആർബിട്രേഷൻ കോടതിയെ (സിഎഎസ്) സമീപിച്ചു. ഫോഗട്ടിന്റെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഇന്നുതന്നെ അതിൽ വിധി പറയും. താൻ മത്സരിച്ചയിനത്തിൽ വെള്ളി മെഡൽ പങ്കുവയ്ക്കണമെന്നാണ് ഫോഗട്ടിന്റെ ആവശ്യം. സെമി ഫൈനൽ വരെ നിശ്ചിത ഭാരത്തിലാണ് മത്സരിച്ചതെന്നും അതിനാൽ വെള്ളി മെഡലിന് താൻ അർഹയാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
എന്താണ് സ്പോർട്സ് ആർബിട്രേഷൻ കോടതി
കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ് (സിഎഎസ്) എന്നത് കായികവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്ന ഒരു അന്തർദേശീയ സ്ഥാപനമാണ്. കായികവുമായി ബന്ധപ്പെട്ട തർക്കങ്ങൾ മധ്യസ്ഥതയിലൂടെ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ 1984-ലാണ് ഇത് സ്ഥാപിതമായത്. സിഎഎസ് ഏതൊരു കായിക സംഘടനയിൽ നിന്നും വിട്ട് സ്വതന്ത്രമായി പ്രവർത്തിക്കുന്നു. അന്താരാഷ്ട്ര ബോഡിയുടെ ആസ്ഥാനം സ്വിറ്റ്സർലൻഡിലെ ലൊസാനിൽ ആണ്.കായികവുമായി ബന്ധപ്പെട്ട വൈരുദ്ധ്യങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രധാനപ്പെട്ട അധികാരമായി സിഎഎസ് പരക്കെ അംഗീകരിക്കപ്പെടുന്നു.
മാത്രമല്ല, കായികരംഗത്തെ നിയമപരമായ തർക്കങ്ങൾ മധ്യസ്ഥതയിലൂടെ പരിഹരിക്കുന്നതിനുള്ള ഉത്തരവാദിത്തവും സിഎഎസിലാണ് നിക്ഷിപ്തമായിരിക്കുന്നത്. കക്ഷികളുടെ തർക്കങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് സഹായിക്കുന്നതിന് സിഎഎസ് മധ്യസ്ഥ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു.