പാരിസ്: പാരിസ് ഒളിംപിക്സിൽ നീരജ് ചോപ്രയിലൂടെ ഇന്ത്യയുടെ അഞ്ചാം മെഡൽ. പുരുഷ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര വെള്ളി മെഡൽ നേടി. രണ്ടാം റൗണ്ടില്‍ 89.45 മീറ്റർ എറിഞ്ഞിട്ടാണ് നീരജ് രണ്ടാം സ്ഥാനത്തേക്കു കുതിച്ചത്. വെല്ലുവിളികൾ നിറഞ്ഞ മത്സരത്തിൽ ഇന്ത്യൻ താരത്തിന്റെ സീസണിലെ മികച്ച പ്രകടനമാണിത്. 90 മീറ്ററെന്ന സ്വപ്ന ദൂരമാണ് ലക്ഷ്യം വച്ചിരുന്നതെങ്കിലും അതിലേക്കെത്തുവാൻ താരത്തിനു കഴിഞ്ഞില്ല.
രണ്ടാം ശ്രമത്തിൽ 92.97 മീറ്റർ എറിഞ്ഞ പാക്കിസ്ഥാൻ താരം അർഷദ് നദീമിനാണ് ജാവലിൻ ത്രോയിൽ സ്വർണം. ഒളിംപിക് റെക്കോർഡ് ദൂരം പിന്നിട്ട അർഷദ് രണ്ടാം അവസരത്തിൽ തന്നെ സ്വർണത്തിലെത്തിയിരുന്നു.
എന്നും കൃത്യതയോടെ ത്രോ ചെയ്തിരുന്ന നീരജ് ചോപ്രയുടെ മറ്റു ശ്രമങ്ങളെല്ലാം ഫൗളായിരുന്നു. പാക്ക് താരത്തിന്റെ ആദ്യ ശ്രമം ഫൗളായെങ്കിലും രണ്ടാം അവസരത്തിൽ വിജയം കൈപ്പിടിയിലാക്കുകയായിരുന്നു.
മത്സരശേഷം നീജജിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു “ഞാൻ എൻ്റെ ഏറ്റവും മികച്ചത് നൽകി, മത്സരം കടുപ്പമേറിയതാണ്, ഓരോ കായികതാരത്തിനും അവരുടെ ദിനമുണ്ട്”. ഇന്ന് അർഷാദിൻ്റെ ദിവസമായിരുന്നു. എന്നാൽ ചില കാര്യങ്ങൾ പരിഹരിക്കുകയും പ്രവർത്തിക്കുകയും വേണം.”