തിരുവനന്തപുരം: പൊലീസ് ഇടപെട്ട് തൃശൂർ പൂരം കലക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അതിനായി ആർഎസ്എസ് ക്യാംപിൽ പങ്കെടുക്കാനെത്തിയ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാർ കൂടിക്കാഴ്ച നടത്തി. ഇതിനായി എഡിജിപിയെ അയച്ചത് മുഖ്യമന്ത്രിയാണ്. തൃശൂരിൽ ബിജെപി ജയിച്ചതും മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്നും പ്രതിപക്ഷ നേതാവ്. 2
2023 മേയ് 20 മുതൽ 22 വരെ തൃശൂർ പാറമേക്കാവ് വിദ്യാമന്ദിർ സ്കൂളിൽ വച്ചുനടന്ന ആർഎസ്എസ് ക്യാംപിൽ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ പങ്കെടുത്തിരുന്നു. അദ്ദേഹത്തെ കാണാൻ മുഖ്യമന്ത്രി എഡിജിപി അജിത് കുമാറിനെ പറഞ്ഞയച്ചിരുന്നു.
ഹോട്ടൽ ഹയാത്തിൽ ഔദ്യോഗിക കാർ ഇട്ട ശേഷം മറ്റൊരു കാറിലാണ് എഡിജിപി ദത്താത്രേയ ഹൊസബലെയെ കാണാൻ പോയത്. ഒരു മണിക്കൂർ അവർ സംസാരിച്ചു. എന്തു കാര്യമാണ് മുഖ്യമന്ത്രി എഡിജിപി വഴി ആർഎസ്എസ് ജനറൽ സെക്രട്ടറിയുമായി സംസാരിച്ചത്. എന്തു വിഷയം പരിഹരിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എന്തു കാര്യത്തിനാണ് ക്രമസമാധാനച്ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥനെ അവിടേക്ക് അയച്ചതെന്നും മുഖ്യമന്ത്രി പറയണം. കൂടാതെ എഡിജിപിയുടെ ഈ കൂടിക്കാഴ്ചയ്ക്കെല്ലാം തിരുവനന്തപുരത്തുള്ള ഉന്നത ആർഎസ്എസ് നേതാവ് ഇടനിലക്കാരൻ ആയിരുന്നുവെന്നും വി.ഡി. സതീശൻ ആരോപിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് കേസുകളിൽനിന്ന് ഒഴിവാകാനുള്ള ധാരണയുണ്ടാക്കാനായിരുന്നു ഈ ചർച്ചകളെല്ലാം. കേരളത്തിൽ ഒരു അക്കൗണ്ട് തുറക്കുക എന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം. അതു നിറവേറ്റി കൊടുക്കാമെന്ന് മുഖ്യമന്ത്രി വാക്കു കൊടുക്കുകയും ചെയ്തു. നിയമവിരുദ്ധമായ പല കാര്യങ്ങളും ഉദ്യോഗസ്ഥരെ കൊണ്ടു ചെയ്യിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ആജ്ഞകൾ ഇവർ അനുസരിച്ച കൊണ്ടാണ് പോലീസിനെതിരെ ആരോപണം വന്നപ്പോൾ മുഖ്യമന്ത്രി വേണ്ടവിധത്തിൽ പ്രതികരിക്കാത്തത്. കൂടാതെ മുഖ്യമന്ത്രി എന്തിനാണ് പ്രകാശ് ജാവഡേക്കറെ ആറു പ്രാവശ്യം കണ്ടതെന്നും വ്യക്തമാക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.
ഇതിന്റെ തുടർച്ചയായിരുന്നു തൃശൂർ പൂരം കലക്കൽ. അല്ലെങ്കിൽ പൊലീസ് കമ്മിഷണർ അവിടെ അഴിഞ്ഞാടിയ അന്ന് രാവിലെ മുതൽ മേലുദ്യോഗസ്ഥനായ എഡിജിപി അവിടെ ഉണ്ടായിരുന്നല്ലോ. എന്നിട്ട് ഇടപെടാതിരുന്നത് എന്തുകൊണ്ടാണ്. അപ്പോൾ പൊലീസിനെ കൊണ്ട് തൃശൂർ പൂരം കലക്കി ബിജെപിയെ ജയിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ എഡിജിപിയാണ്. ഇത്രയും ഗുരുതരമായ ആരോപണങ്ങൾ വന്നിട്ടും എഡിജിപിയെയും പി. ശശിയേയും മുഖ്യമന്ത്രി സംരക്ഷിക്കുന്നത് ഈ ആർഎസ്എസ് ബന്ധം കൊണ്ടാണെന്നും വി.ഡി. സതീശൻ പറഞ്ഞു. അല്ലെങ്കിൽ പിവി അൻവറും എസ്പി സുജിത് ദാസും തമ്മിലുള്ള ഫോൺ സംഭാഷണം കേട്ടാൽ ഒരു മിനിറ്റ് അദ്ദേഹത്തെ സർവീസിൽ വച്ചു കൊണ്ടിരിക്കുമോ എന്നും വിഡി സതീശൻ ചോദിച്ചു.