കണ്ണൂർ: പ്രമുഖ സിനിമ- സീരിയൽ- നാടക നടനും സംവിധായകനുമായ പയ്യന്നുർ മഹാദേവ ഗ്രാമം വെസ്റ്റ് വിപി രാമ ചന്ദ്രൻ (81) അന്തരിച്ചു. സംഗീത നാടക അക്കാദമി അവാർഡ് ജേതാവാണ്. റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കൻ കോൺസുലേറ്റ് ജീവനക്കാരനുമായിരുന്ന വിപി രാമചന്ദ്രൻ 1987 മുതൽ 2016 വരെ സിനിമയിൽ സജീവമായിരുന്നു. 19 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
നിരവധി സിനിമകളിൽ ശബ്ദം നൽകിയുട്ടുണ്ട്. അടുത്ത കാലം വരെ സീരിയലുകളിലും നാടകത്തിലും പരസ്യ ചിത്രങ്ങളിലും സജീവമായിരുന്നു. കിളിപ്പാട്ട്, അപ്പു, അയ്യർ ദ് ഗ്രേറ്റ്, പൊലീസ് ഓഫിസർ, കഥാനായിക, ഷെവിലിയർ, സദയം, യുവതുർക്കി, ദി റിപ്പോർട്ടർ, കണ്ടെത്തൽ, അതിജീവനം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. പ്രശസ്ത നർത്തകൻ പത്മഭൂഷൻ വി.പി. ധനഞ്ജയന്റെ സഹോദരനാണ്.
ഭാര്യ: വത്സ രാമചന്ദ്രൻ (ഓമന ). മക്കൾ: ദീപ (ദുബായ് ). ദിവ്യ രാമചന്ദ്രൻ (നർത്തകി, ചെന്നൈ ). മരുമക്കൾ: കെ മാധവൻ (ബിസിനസ്, ദുബായ് ). ശിവസുന്ദർ (ബിസിനസ്, ചെന്നൈ ).
സഹോദരങ്ങൾ: പദ്മഭൂഷൻ വിപി ധനജ്ഞയൻ, വിപി മനോമോഹൻ, വിപി വസുമതി, പരേതരായ വേണുഗോപാലൻ മാസ്റ്റർ, രാജലക്ഷ്മി, മാധവിക്കുട്ടി, പുഷ്പവേണി. സംസ്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് പയ്യന്നൂർ മഹാദേവ ഗ്രാമം സ്മൃതിയിൽ.