തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി.വി. പ്രശാന്തനെ പരിയാരം മെഡിക്കൽ കോളെജിലെ ജോലിയിൽനിന്നു ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.
ഇതിന്റെ ഭാഗമായി പ്രശാന്തനെ പുറത്താക്കുന്നതിൽ നിയോമപദേശം തേടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പഴുതടച്ച നടപടി സ്വീകരിക്കും.ടിവി പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ല, പരിയാരം മെഡിക്കൽ കോളെജ് ഏറ്റെടുത്തപ്പോഴുണ്ടായിരുന്ന ജീവനക്കാരനാണ്. ഇയാളെ സ്ഥിരപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
കണ്ണൂർ ചെങ്ങളായിയിലെ വിവാദ പമ്പിന്റെ അപേക്ഷകൻ ടിവി പ്രശാന്തൻ ആണോയെന്ന് അറിയില്ല. സംഭവത്തിൽ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി പരിയാരത്തെത്തി വിശദമായി അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ പ്രശാന്തനെതിരേ ആരോഗ്യവകുപ്പിന്റെയും അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പരിയാരം മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പലിനോട് ഡിഎംഇ വിശദീകരണം തേടിയിട്ടുണ്ട്. മെഡിക്കല്‍ കോളെജ് ജീവനക്കാരനായിരിക്കെ പമ്പ് തുടങ്ങിയതിലാണ് അന്വേഷണം നടക്കുക. മാത്രമല്ല ഇയാൾ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും.