തലശേരി: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറും സിപിഎം ജില്ലാ കമ്മറ്റി അംഗവുമായ പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്കു മാറ്റി. ദിവ്യ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജിയാണ് പരിഗണിക്കുന്നതു മാറ്റിവച്ചത്.
ഹർജി ഇന്ന് ഫയലിൽ സ്വീകരിച്ചെങ്കിലും കോടതി വ്യാഴാഴ്ച വാദം കേൾക്കും. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി നിസാർ അഹമ്മദ് മുമ്പാകെ പ്രമുഖ അഭിഭാഷകൻ കെ. വിശ്വൻ മുഖേനയാണ് ദിവ്യ മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്തത്.
ദിവ്യയ്ക്കു വേണ്ടി പ്രത്യേക ദൂതൻ വഴി വക്കാലത്ത് തലശേരിയിലെത്തിച്ചാണ് കെ. വിശ്വൻ മുൻകൂർ ജാമ്യ ഹർജി ഫയൽ ചെയ്തത്. ആദ്യം ഹൈക്കോടതിയെ സമീപിക്കാൻ നീക്കം നടന്നെങ്കിലും ഒടുവിൽ ജില്ലാ കോടതിയെ സമീപിക്കാൻ നിയമോപദേശം ലഭിക്കുകയായിരുന്നു.
കലക്ടർ വിളിച്ചതനുസരിച്ചാണ് താൻ എഡിഎം നവീൻ ബാബുവിൻറെ യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തതെന്നാണു ദിവ്യ ഹർജിയിൽ പറയുന്നത്. 14ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഹാളിൽ നടന്ന സാമൂഹ്യ പക്ഷാചരണ പരിപാടിയിൽ താൻ ഉദ്ഘാടകയും ജില്ലാ കലക്ടർ അരുൺ കെ. വിജയൻ മുഖ്യാതിഥിയുമായിരുന്നു. ഇതിനിടെയായിരുന്നു എഡിഎം നവീൻ ബാബുവിന് യാത്രയയപ്പ് നല്കുന്നുണ്ടെന്ന് ജില്ലാ കലക്ടർ പറഞ്ഞത്. അതോടൊപ്പം പരിപാടിയിലേക്കു നിങ്ങൾ വരില്ലേയെന്ന് തന്നോട് കലക്ടർ ചോദിച്ചു.
ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു യാത്രയയപ്പ് തീരുമാനിച്ചത്. വൈകുന്നേരം ചടങ്ങിനെക്കുറിച്ച് ഓർമിച്ചപ്പോൾ കലക്ടറെ വിളിച്ചു ചോദിച്ചു. ചടങ്ങ് തുടങ്ങിയെന്നായിരുന്നു മറുപടി. ഉടനെ പരിപാടി നടക്കുന്ന സ്ഥലത്തേക്കു താനെത്തുകയായിരുന്നെന്നും കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
ഡെപ്യൂട്ടി കലക്ടർ ശ്രുതിയാണ് അന്നത്തെ പരിപാടിയിൽ സംസാരിക്കാൻ ക്ഷണിച്ചത്. ഫയലുകളുടെ നടപടി ക്രമങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് കഷ്ടപ്പാടുകൾ ഉണ്ടാകരുതെന്ന നിലപാടിലാണ് സാമൂഹ്യതാത്പര്യം മുൻനിർത്തി ചടങ്ങിൽ സംസാരിച്ചതെന്നും ദിവ്യ ഹർജിയിൽ പറയുന്നു. ഇതിനിടെ പിപി ദിവ്യയ്ക്കും കുടുംബത്തിനുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ സൈബർ ബുള്ളിങ് നടക്കുന്നുണ്ടെന്നു കാണിച്ച് ദിവ്യയുടെ ഭർത്താവ് പോലീസിൽ പരാതി നൽകിയിരുന്നു.