കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നു വീണു യാത്രക്കാരൻ മരിച്ചു. തമിഴ്നാട് കാഞ്ചിപുരം സ്വദേശി ശരവണൻ (25) ആണ് മരിച്ചത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
മരിച്ചയാളെ ഇയാൾ ട്രെയിനിൽ നിന്നും തള്ളിയിട്ടെന്ന സംശയത്തിലാണ് കസ്റ്റഡിയിലെടുത്തത്. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരി പറഞ്ഞ സംശയത്തിന്റെയടിസ്ഥാനത്തിലാണ് നടപടി. റെയിൽവേ പോലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
ശനിയാഴ്ച രാത്രിയാണ് സംഭവം. മംഗുളൂരു- കൊച്ചുവേളി സ്പെഷൽ ട്രെയിനിൽ നിന്നുമാണ് തമിഴ്നാട് സ്വദേശിയായ യാത്രക്കാരൻ വീണ് മരിച്ചത്. ഇയാൾ വാതിലിൽ ഇരുന്നു യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.