മലപ്പുറം: മാറഞ്ചേരി കാഞ്ഞിരമുക്കിൽ ഗൃഹനാഥൻ വീടിനു തീയിട്ടതിനെ തുടർന്ന് മൂന്നുപേർ പൊള്ളലേറ്റ് മരിച്ചു. ഗൃഹനാഥൻ ഏറാട്ട് വീട്ടിൽ മണികണ്ഠൻ (50), ഭാര്യ റീന (42), മണികണ്ഠന്റെ അമ്മ സരസ്വതി (70) എന്നിവരാണ് മരിച്ചത്. വീട്ടിൽ നിന്നും തീ ഉയരുന്ന കണ്ട് അയൽവാസികളെത്തി മൂവരേയും തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സാമ്പത്തിക ബുദ്ധിമുട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മണികണ്ഠന്റ മക്കളായ അനിരുദ്ധൻ (20), നന്ദന (22) എന്നിവരെ നിസാര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. മണികണ്ഠൻ കിടപ്പുമുറിയിൽ സ്വയം പെട്രോൾ ഒഴിച്ചു തീവെക്കുകയായിരുന്നു. ഇക്കാര്യം വ്യക്തമാക്കി മരിക്കുംമുൻപ് അദ്ദേഹം പോലീസിന് മൊഴിനൽകിയിട്ടുണ്ട്. വീട്ടിൽനിന്ന് കൂട്ടനിലവിളികേട്ട അയൽവാസികളെത്തി വീടിന്റെ വാതിൽ പൊളിച്ചാണ് അകത്തുകയറിയത്. അനിരുദ്ധും നന്ദനയും ചികിത്സയിലാണ്. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു.